പോരിനൊരുങ്ങി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്

കൊച്ചി: കെസിഎല്ലിൽ കിരീടനേട്ടം ആവർത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ്. കഴിഞ്ഞ തവണ കപ്പുയർത്തിയ ടീമിലെ പ്രധാന താരങ്ങളെ നിലനിർത്തിയതിനൊപ്പം ബേസിൽ തമ്പിയും മനു കൃഷ്ണനുമടക്കമുള്ള പരിചയസമ്പന്നരെയും യുവതാരങ്ങളെയും പുതുതായി ടീമിലെത്തിക്കാനും ഇത്തവണ മാനേജ്മെന്‍റിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ ശക്തമായ ബാറ്റിങ്-ബൗളിങ് നിരകളാണ് ടീമിന്‍റേത്. കഴിഞ്ഞ സീസണിൽ ടീമിനെ കിരീടത്തിലേക്ക് നയിച്ച സാലി സാംസൺ തന്നെയാണ് ഇത്തവണയും ടീമിന്‍റെ ക്യാപ്റ്റൻ. ആദ്യ സീസണിൽ ടീമിനെ നയിച്ച അനുഭവസമ്പന്നനായ പേസ് ബൗളർ ബേസിൽ തമ്പിയാണ് വൈസ് ക്യാപ്റ്റൻ. ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ടീം രൂപീകരണത്തിലും യുവതാരങ്ങളുടെ മെന്‍ററിങ്ങിലും വികസനത്തിലും നിർണായക പങ്കുവഹിക്കുന്നു എന്നത് ടീമിന് കൂടുതൽ കരുത്തുപകരുന്നുണ്ട്.

ഒൻപതാം നമ്പർ വരെ ബാറ്റ് ചെയ്യാൻ കഴിയുന്ന ബാറ്റിങ് ഡെപ്തും ടി20ക്ക് അനുയോജ്യരായ പവർ ഹിറ്റർമാരും വൈവിധ്യമാർന്ന ബൗളിങ് ഓപ്ഷനുകളുമാണ് ഇത്തവണ കൊച്ചി ടീമിന്‍റെ സവിശേഷത. സഞ്ജു സാംസണിന്‍റെ അഭാവത്തിൽ വിനൂപ് മനോഹരൻ തന്നെയായിരിക്കും ഇത്തവണ ബാറ്റിങ് നിരയുടെ ചുക്കാൻ പിടിക്കുക.

Leave a Reply

Your email address will not be published. Required fields are marked *