തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് സമയം അവസാനിച്ചതിന് പിന്നാലെ സംസ്ഥാനത്തെ മുഴുവൻ വോട്ടർമാർക്കും നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യ പ്രക്രിയയിൽ പങ്കുചേർന്ന് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ച എല്ലാ വോട്ടർമാർക്കും ഹൃദയം നിറഞ്ഞ നന്ദിയും അഭിവാദ്യങ്ങളും രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. വളരേ ചുരുങ്ങിയ പ്രചാരണ സമയത്തിനിടയിലും പൊള്ളുന്ന വേനൽ ചൂടും വകവെക്കാതെ പ്രവർത്തനം നടത്തിയ രഷ്ട്രീയ പ്രവർത്തകരുടെ ആവേശത്തെയും അദ്ദേഹം പ്രശംസിച്ചു. കടുത്ത വെയിലും ചൂടും സഹിച്ച് പോളിങ് ബൂത്തിൽ എത്തിയ ജനങ്ങൾ കേരളത്തിന്റെ ഉയർന്ന ജനാധിപത്യ ബോധത്തിന്റെയും നാടിനോടുള്ള ഉത്തരവാദിത്വത്തിന്റെയും തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
വോട്ടർമാർക്ക് മുഖ്യമന്ത്രിയുടെ നന്ദി! സംസ്ഥാനത്തെ വോട്ടെടുപ്പ് സമാധാനപരമായി പൂർത്തി ആയിരിക്കുകയാണ്. തങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം വിനിയോഗിച്ച് ഈ ജനാധിപത്യ പ്രക്രിയയിൽ പങ്കുചേർന്ന മുഴുവൻ വോട്ടർമാർക്കും ഹൃദയം നിറഞ്ഞ നന്ദിയും അഭിവാദ്യങ്ങളും അറിയിക്കുന്നു.
വളരേ ചുരുങ്ങിയ പ്രചാരണ സമയം മാത്രമേ ഇത്തവണ ലഭിച്ചിരുന്നുള്ളു. എങ്കിലും കടുത്ത വേനല്ച്ചൂടിനെപ്പോലും അവഗണിച്ച് അക്ഷീണം പ്രവർത്തിച്ച രാഷ്ട്രീയ പ്രവർത്തകരുടെ ആവേശം എടുത്തുപറയേണ്ടതാണ്. പ്രതികൂല കാലാവസ്ഥയെ വകവെക്കാതെ പോളിങ് ബൂത്തുകളിൽ എത്തിയ ജനങ്ങൾ, കേരളത്തിലെ ഉയർന്ന ജനാധിപത്യ ബോധത്തിന്റെയും നാടിനോടുള്ള ഉന്നതമായ പ്രതിബദ്ധതയുടെയും നേർക്കാഴ്ചയാണ് നൽകിയത്. ഈ വലിയ ജനപങ്കാളിത്തം അങ്ങേയറ്റം ശ്ലാഘനീയമാണ്
സംസ്ഥാനത്തെവിടെയും അനിഷ്ട സംഭവങ്ങൾ ഒന്നുമില്ലാതെ ,തികച്ചും സമാധാനപരമായി വോട്ടെടുപ്പ് പൂർത്തിയാക്കാൻ നമുക്ക് സാധിച്ചു എന്നത് വലിയ നേട്ടമാണ്. ഈ ബൃഹത്തായ പ്രക്രിയ നടപ്പിലാക്കാൻ അഹോരാത്രം അധ്വാനിച്ച തിരഞ്ഞെടുപ്പ് ഉദ്ധ്യോഗസ്ഥർ , സുരക്ഷ ഒരുക്കിയ പോലീസ്- കേന്ദ്ര സേനാ അംഗങ്ങൾ,ആരോഗ്യപ്രവർത്തകർ , സന്നദ്ധ പ്രവർത്തകർ തുടങ്ങി വിവിധ തലങ്ങളിൽ പ്രവർത്തിച്ച എല്ലാവരും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. കേരളത്തിന്റെ ജനാധിപത്യ ബോധത്തിനും ജനപങ്കാളിത്തത്തിനും ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ.
നമുക്ക് ഒന്നിച്ച് മുന്നേറാം , നവകേരളത്തിനായി .
