പത്തനംതിട്ട:സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അർബുദ രോഗികൾക്ക് സൗജന്യ ചികിത്സയും ശസ്ത്രക്രിയയും ലഭ്യമാക്കുന്നതിനായി ‘സുകൃതം 2.0’ പദ്ധതിക്ക് തുടക്കമായി. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
സ്തനാർബുദം, തൈറോയ്ഡ് കാൻസർ, കുട്ടികളിലെ കാൻസർ എന്നീ വിഭാഗങ്ങളിലുള്ള രോഗികൾക്കാണ് പദ്ധതിയിലൂടെ സൗജന്യ കാൻസർ ശസ്ത്രക്രിയ ലഭ്യമാക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അർഹരായ രോഗികൾക്ക് ചികിത്സാ സഹായം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പുകളിലൂടെയാകും രോഗികളെ കണ്ടെത്തുക. വിദഗ്ധ ഡോക്ടർമാരുടെ പാനൽ ക്യാമ്പുകളിൽ കാൻസർ സ്ക്രീനിങ് പരിശോധനകൾ നടത്തും. പരിശോധനകൾക്ക് ശേഷം അർഹരായ രോഗികളെ തിരഞ്ഞെടുക്കുകയും അവർക്ക് സൗജന്യ ശസ്ത്രക്രിയ ലഭ്യമാക്കുകയും ചെയ്യും.
മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ, ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, അഡ്വ. ബിജു ഉമ്മൻ, ഗീവർഗീസ് യോഹന്നാൻ തുടങ്ങിയവർ പദ്ധതിയുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുത്തു.



