ഏകദിന പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് ഇരട്ട പ്രഹരം, കോലിക്ക് പിന്നാലെ രോഹിത്തും പുറത്തേക്ക്?

മുംബൈ: അടുത്ത ആഴ്ച ആരംഭിക്കാനിരിക്കുന്ന അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് മുൻപ് ഇന്ത്യൻ ടീമിന് വൻ തിരിച്ചടി. പരിക്കിനെ തുടർന്ന് വിരാട് കോലി പരമ്പരയിൽ നിന്ന് പുറത്തായതിന് പിന്നാലെ മുൻ നായകൻ രോഹിത് ശർമ കളിക്കുന്ന കാര്യവും അനിശ്ചിതത്വത്തിലായി. കോലിയെപ്പോലോ ഐപിഎല്ലിനിടെ തുടയിലേറ്റ പരിക്കാണ് രോഹിത്തിനും വില്ലനായിരിക്കുന്നത്.

രോഹിത്തിനോടും ഹാര്‍ദിക് പാണ്ഡ്യയോടും ബെംഗളൂരുവിലെ ബിസിസിഐ സെന്‍റർ ഓഫ് എക്സലൻസിൽ ഫിറ്റ്‌നസ് പരിശോധനയ്ക്കായി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും രോഹിത് ഇതുവരെ ഫിറ്റ്നെസ് ടെസ്റ്റിന് വിധേയനായിട്ടില്ല. ഇവിടെ നടക്കുന്ന കായികക്ഷമതാ പരിശോധന വിജയകരമായി പൂർത്തിയാക്കിയാൽ മാത്രമേ രോഹിതിന് പരമ്പരയിൽ കളിക്കാനാകൂ.

ഫിറ്റ്‌നസ് ക്ലിയറൻസിന് വിധേയമായിട്ടാണ് രോഹിത് ശർമ്മയും ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും നിലവിൽ പ്രഖ്യാപിച്ച ടീമിൽ ഇടംപിടിച്ചിട്ടുള്ളത്. ഇതിൽ പാണ്ഡ്യ ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, പാണ്ഡ്യക്ക് പന്തെറിയാൻ പൂർണ്ണ ഫിറ്റ്‌നസ് ഉണ്ടെങ്കിൽ മാത്രമേ ഏകദിന പരമ്പരക്കുള്ള അന്തിമ ടീമിൽ ഉൾപ്പെടുത്തുകയുള്ളൂ എന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ‘ദി ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തു. ഐപിഎൽ 2026 സീസണിൽ പുറംവേദനയെ തുടർന്ന് പാണ്ഡ്യക്ക് ചില മത്സരങ്ങൾ നഷ്ടമായിരുന്നു. സമാനമായ രീതിയിൽ രോഹിത് ശർമ്മയും ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിന്‍റെ ചില മത്സരങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *