റിയാദ്: ഭക്ഷണശാലകളിലും പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സൗദി മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയം. റെസ്റ്റോറന്റുകൾ, കഫേകൾ, ബേക്കറികൾ, മറ്റു ഭക്ഷ്യവിൽപന ശാലകൾ, ബോഡി കെയർ സെന്ററുകൾ, ബാർബർ ഷോപ്പുകൾ, വനിതാ ബ്യൂട്ടി പാർലറുകൾ എന്നിവക്ക് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും, ഉപഭോക്താക്കളുടെ സുരക്ഷക്കും ഇത് ആവശ്യമാണെന്നും ഭക്ഷ്യ-സേവന മേഖലകളിലെ ആരോഗ്യപരമായ അപകടസാധ്യതകൾ കുറക്കാൻ ഇത് സഹായിക്കുമെന്നും മന്ത്രാലയം പറഞ്ഞു. ആരോഗ്യ സർട്ടിഫിക്കറ്റിന്റെ കാലാവധി ഒരു വർഷമാണ്. കാലാവധി തീരുന്നതിന് 60 ദിവസം മുമ്പ് ഇത് പുതുക്കാവുന്നതാണ്. സർട്ടിഫിക്കറ്റിനായി ജീവനക്കാരനോ സ്ഥാപനത്തിന്റെ പ്രതിനിധിയോ ‘ബലദി’ പ്ലാറ്റ്ഫോം വഴി അപേക്ഷ സമർപ്പിക്കണം. അപേക്ഷകന്റെ തൊഴിൽ, സ്ഥാപനത്തിന്റെ ലൈസൻസ്, പ്രവർത്തന മേഖല എന്നിവ സിസ്റ്റം വഴി പരിശോധിക്കും.
സൗദിയിലെ ഭക്ഷണസ്ഥാപനങ്ങൾ ആരോഗ്യ സർട്ടിഫിക്കറ്റ് ഉറപ്പാക്കണം
