മസ്കത്ത്: ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ ഒമാന്റെ വിദേശ വ്യാപാര മേഖലയിൽ മികച്ച നേട്ടം. ഈ വർഷം മാർച്ച് അവസാനത്തോടെ രാജ്യത്തിന്റെ വ്യാപാര സന്തുലനത്തിൽ 154 കോടി ഒമാനി റിയാലിന്റെ മിച്ചം രേഖപ്പെടുത്തിയതായി ഒമാൻ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആന്റ് ഇൻഫർമേഷൻ (NCSI) പുറത്തുവിട്ട പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 153 കോടി റിയാലായിരുന്നു. ആഗോള വിപണിയിലെ പ്രതിസന്ധികൾക്കിടയിലും ഇറക്കുമതിച്ചെലവ് ഗണ്യമായി കുറയ്ക്കാൻ സാധിച്ചതാണ് വ്യാപാര മിച്ചം ഉയർത്തി നിർത്താൻ ഒമാനെ സഹായിച്ചത്. Advertising Advertising 2026-ന്റെ ആദ്യ പാദത്തിൽ രാജ്യത്തെ ആകെ ചരക്ക് കയറ്റുമതി 530 കോടി റിയാലിലെത്തി. 2025-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് കയറ്റുമതിയിൽ 8.5 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. എണ്ണ, വാതക വരുമാനത്തിലുണ്ടായ ഇടിവാണ് ഇതിന് പ്രധാന കാരണം. ഇതോടൊപ്പം രാജ്യത്തെ ചരക്ക് ഇറക്കുമതിയും 11.7 ശതമാനം ഇടിഞ്ഞ് 380 കോടി റിയാലായി. കഴിഞ്ഞ വർഷം ഇത് 430 കോടി റിയാലായിരുന്നു. എണ്ണ, വാതക മേഖലകളിൽ നിന്നുള്ള കയറ്റുമതി വരുമാനം 13 ശതമാനം കുറഞ്ഞ് 340 കോടി റിയാലായി. എന്നാൽ സമ്പദ് വ്യവസ്ഥ താങ്ങി നിർത്താൻ എണ്ണയിതര കയറ്റുമതി മേഖല വലിയ മാറ്റമില്ലാതെ 161 കോടി റിയാലായി തുടർന്നു.
ഈ വർഷം ആദ്യ പാദത്തിൽ 154 കോടി റിയാലിന്റെ വ്യാപാര മിച്ചം
