ചർച്ച നടത്തേണ്ടത് ഇപ്പോഴാണ്, പിന്നീട് കരഞ്ഞിട്ട് കാര്യമില്ല അഖിലേഷിനെ സഖ്യത്തിന് വിളിച്ച് ഒവൈസി

മൊറാദാബാദ്: 2027-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയുമായി സഖ്യത്തിന് താൽപര്യം പ്രകടിപ്പിച്ച് അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎം പാർട്ടി. വളരെ വൈകുന്നതിന് മുമ്പ് ചർച്ചകൾ നടത്താൻ സമയമായെന്ന് ഓർമിപ്പിച്ചുകൊണ്ടാണ് ഒവൈസി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന് സഖ്യമുണ്ടാക്കാനുള്ള ചർച്ചകൾക്ക് ക്ഷണിച്ചത്. മൊറാദാബാദിൽ നടന്ന ഒരു ചടങ്ങിലാണ് അദ്ദേഹം അഖിലേഷ് യാദവിനുള്ള സന്ദേശമടങ്ങിയ പ്രസ്താവന നടത്തിയത്. ‘ഉത്തർപ്രദേശിൽ ബിജെപി വീണ്ടും സർക്കാർ രൂപീകരിക്കാൻ മജ്ലിസ് ആഗ്രഹിക്കുന്നില്ല. കൈകോർക്കാൻ ഞാൻ തയ്യാറാണ്. ഒരു സഖ്യം രൂപീകരിക്കാൻ ഞാൻ തയ്യാറാണ്. ഇന്ന് സംസാരിക്കാനുള്ള സമയമാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് പിന്നീട് കരയരുത്.’ ഒവൈസി വ്യക്തമാക്കി. സമാജ്‌വാദി പാർട്ടിയുമായി തുല്യനീതിയിലധിഷ്ഠിതമായ ഒരു പങ്കാളിത്തമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഒവൈസി തന്റെ പ്രസ്താവനയിലൂടെ വ്യക്തമാക്കി. രണ്ട് തവണ മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപിയുടെ മുന്നേറ്റത്തെ വെല്ലുവിളിക്കാൻ കരുത്തുള്ള ഉത്തർപ്രദേശിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയാണ് സമാജ്‌വാദി പാർട്ടി.

Leave a Reply

Your email address will not be published. Required fields are marked *