കോഴിക്കോട്: കോഴിക്കോട് പൂനൂരിൽ വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളത്തിൽ കുടുങ്ങി. നാട്ടുകാർ ഇടപെട്ട് യാത്രക്കാരെ രക്ഷപ്പെടുത്തി. നരിക്കുനിയിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തി വെള്ളക്കെട്ടിൽ നിന്നും ബസ് മാറ്റി.
പൂനൂർ-കട്ടിപ്പാറ റൂട്ടിൽ കുണ്ടത്തിൽ എന്ന സ്ഥലത്ത് വച്ചാണ് സ്വകാര്യ ബസ് യാത്രക്കിടെ വെള്ളത്തിൽ കുടുങ്ങിയത്. ശനിയാഴ്ച ഉച്ചയോടെ നടന്ന സംഭവത്തിൽ സമീപവാസികളും നാട്ടുകാരും ചേർന്ന് അടിയന്തരമായി ഇടപെട്ടാണ് ബസിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചത്. പൂനൂർ പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് മേഖലയിൽ വലിയ തോതിൽ വെള്ളപ്പൊക്കം രൂപപ്പെട്ടിട്ടുണ്ട്. പൂനൂർ അവേലം, ചേപ്പാല, കോളിക്കൽ, കുണ്ടത്തിൽ തുടങ്ങിയ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറിയതോടെ മേഖലയിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.
അതേസമയം ഈരാറ്റുപേട്ട നടക്കൽ ഭാഗത്ത് ഫയർഫോഴ്സ് വാഹനം വെള്ളത്തിൽ മുങ്ങി. അടുക്കത്ത് രക്ഷാപ്രവർത്തനത്തിനായി പോയ ഈരാറ്റുപേട്ട ഫയർഫോഴ്സിൻ്റെ വാഹനമാണ് പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മുങ്ങിയത്. ജലനിരപ്പ് പെട്ടെന്ന് ഉയർന്നതോടെ വാഹനം മാറ്റാൻ ശ്രമിച്ചെങ്കിലും നിന്നു പോവുകയും വെള്ളത്തിൽ കുടുങ്ങുകയും ആയിരുന്നു.
