കുതിരാൻ തുരങ്കമുഖത്തിന് മുകളിൽ മണ്ണിടിച്ചിൽ

തൃശ്ശൂർ: കുതിരാൻ തുരങ്കത്തിന് മുകൾ ഭാഗത്ത് മണ്ണിടിഞ്ഞു. ഇരട്ട തുരങ്കത്തിന്റെ പടിഞ്ഞാറേ തുരങ്കമുഖത്തിന് മുകളിലായി രണ്ടിടങ്ങളിലാണ് കുന്നിടിഞ്ഞ് മണ്ണും കല്ലും താഴേക്ക് പതിച്ചത്. നേരിയ തോതിൽ മാത്രമാണ് മണ്ണും പാറക്കഷ്ണങ്ങളും നിലവിൽ ഇടിഞ്ഞു വീണിട്ടുള്ളത്. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനിടെയുണ്ടായ മണ്ണിടിച്ചിൽ യാത്രക്കാരിലും പ്രദേശവാസികളിലും വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. സംഭവമറിഞ്ഞ് ഹൈവേ പട്രോളിങ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലാ കളക്ടർ സ്ഥലത്തെത്തി ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി.

സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ദേശീയപാതകളിലൊന്നായ തൃശ്ശൂർ-പാലക്കാട് റൂട്ടിലെ പ്രധാന നിർമ്മിതിയാണ് കുതിരാൻ തുരങ്കം. തമിഴ്‌നാട്ടിൽ നിന്നടക്കമുള്ള ചരക്ക് വാഹനങ്ങളും പതിനായിരക്കണക്കിന് യാത്രാവാഹനങ്ങളും ദിവസേന കടന്നുപോകുന്ന തുരങ്കത്തിലാണ് മണ്ണിടിച്ചിലുണ്ടായത്. തുടർച്ചയായി മഴ പെയ്യുന്നതിനാൽ തുരങ്കത്തിന് മുകളിലെ മണ്ണും വൃക്ഷങ്ങളും ഇനിയും താഴേക്ക് പതിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇവിടെ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *