ഉത്തരേന്ത്യയിൽ അതിതീവ്ര മഴ തുടരുന്നു: കേദാർനാഥ് യാത്ര നിർത്തിവെച്ചു, അസമിൽ മരണം 97 ആയി

ഡൽഹി: ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരുന്നു. ഉത്തരാഖണ്ഡിൽ അളകനന്ദ, മന്ദാകിനി നദികൾ കരകവിഞ്ഞ് ഒഴുകുന്നതിനാൽ വളരെ വലിയ നാശനഷ്ടങ്ങളാണ് റിപ്പോർ‍ട്ട് ചെയ്യുന്നത്. പ്രളയത്തെ തുടർന്ന് കേദാർനാഥ് യാത്ര തടസ്സപ്പെട്ടു. അസമിലെ പ്രളയത്തിൽ മരണസംഖ്യ 97 ആയി. ഡൽഹിയിൽ ഇന്നും റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ബ്രഹ്മപുത്രയും പോഷകനദികളും കരകവിഞ്ഞൊഴുകിയതോടെ പത്തുലക്ഷത്തിലധികം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലും താൽക്കാലിക ഷെൽട്ടറുകളിലുമായി കഴിയുന്നു. നിരവധി ഗ്രാമങ്ങളും കൃഷിയിടങ്ങളും പൂർണ്ണമായി ഒറ്റപ്പെട്ടു. സിക്കിം, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലും കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിലുണ്ടായി. ഉത്തരാഖണ്ഡിൽ മലയോര മേഖലകളിൽ നദികൾ കരകവിഞ്ഞെഴുകി. രുദ്രപ്രയാഗിൽ അളകനന്ദ, മന്ദാകിനി നദികൾ അപകടനിലയ്ക്കും മുകളിലാണ് ഒഴുകുന്നത്. നദീതീരത്തെ ക്ഷേത്രങ്ങളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി. തിൽവാരയ്ക്ക് സമീപമുണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ കേദാർനാഥ് ഹൈവേയിലെ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. തീർത്ഥാടകരും പ്രദേശവാസികളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകി.

സാഹചര്യം നേരിടാൻ കൺട്രോൾ റൂമുകളും ദുരന്തനിവാരണ സേനയും സജ്ജമാണെന്ന് അധികൃതർ അറിയിച്ചു. ഡൽഹി, നോയിഡ, ഫരീദാബാദ് മേഖലകളിലും ഇന്നും കനത്ത മഴ തുടരുകയാണ്. വടക്കൻ ഡൽഹിയിലെ ജഗത്പൂരിൽ റോഡിലെ വെള്ളക്കെട്ടിലൂടെ നടന്നുപോയ മൂന്ന് സ്കൂൾ വിദ്യാർത്ഥികൾ ഓടയിൽ വീണു. നാട്ടുകാർ പെട്ടെന്ന് ഇടപെട്ട് രെക്ഷപ്പെടുത്തി. ബിജ്വാസനിൽ കഴിഞ്ഞ ദിവസം ഓടയിൽ വീണ് കാണാതായ ആൾക്കായി തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ബീഹാർ, പശ്ചിമ ബംഗാൾ, മേഘാലയ, നാഗാലാൻഡ്, മണിപ്പൂർ എന്നിവിടങ്ങ‍‍‍ളിലും കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *