നെല്ല് സംഭരണ ബോണസ്: 150 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: നെല്ല് സംഭരണത്തിന് കര്‍ഷകര്‍ക്കുള്ള സംസ്ഥാന പ്രോത്സാഹന ബോണസ് നല്‍കാന്‍ മൂന്നാം ഗഡുവായി 150 കോടി രൂപ അനുവദിച്ചതായി സർക്കാർ അറിയിച്ചു. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന്റെ അഭ്യര്‍ഥനപ്രകാരം മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിര്‍ദ്ദേശപ്രകാരമാണു തുക അടിയന്തരമായി അനുവദിച്ചത്. അതേസമയം, നെല്ലുസംഭരണ ഇനത്തില്‍ കേന്ദ്രം നല്‍കാനുള്ള കുടിശിക നേടിയെടുക്കുന്നതിനു സപ്ലൈകോ പ്രതിനിധികള്‍ തിങ്കളാഴ്ച ദില്ലിയില്‍ കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിലെത്തി ചര്‍ച്ച നടത്തും. സംസ്ഥാന ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദേശ പ്രകാരമാണു ചര്‍ച്ച നടത്തുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ വികേന്ദ്രീകൃത ധാന്യ സംഭരണ സംസ്‌കരണ വിതരണ പദ്ധതിപ്രകാരം സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്നും സപ്ലൈകോ മുഖേന സംഭരിക്കുന്ന നെല്ലിന് നല്‍കിവരുന്ന കേന്ദ്ര പ്രോത്സാഹന ബോണസ് 300 കോടി രൂപ കുടിശികയുണ്ട്. ഈ തുക അടിയന്തരമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെടും. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കര്‍ഷകര്‍ക്ക് നല്‍കാനുണ്ടായിരുന്നതു 713 കോടി രൂപയാണ്. പിന്നീട് സംഭരിച്ചത് ഉള്‍പ്പെടെ ഈ സര്‍ക്കാര്‍ 794.39 കോടി രൂപ വിതരണം ചെയ്തു. ഇനി 308.69 കോടി രൂപയാണ് ലഭ്യമാക്കാനുള്ളത്. അതിന്റെ വിതരണമാണിപ്പോള്‍ നടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *