പാട്ട് വെക്കുന്നതിന് ഫീസ്; കഫെകളെയും ഷോപ്പിങ് മാളുകളെയും ബാധിക്കും, നിയമം കടുപ്പിച്ച് ദുബൈ

ദുബൈ: ദുബൈയിലെ കഫേകൾ, ഹോട്ടലുകൾ, ഷോപ്പിങ് മാളുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങളിൽ പാട്ട് വെക്കുന്നതിന് ഫീസ് ഏർപ്പെടുത്തി യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രാലയം. പുതിയ പരിഷ്കാരം ഡിസംബർ മുതൽ പ്രാബല്യത്തിൽ വരും.

റസ്റ്റോറന്റുകൾ, കഫേകൾ, ഹോട്ടലുകൾ, മാളുകൾ, ഫിറ്റ്‌നസ് സെന്ററുകൾ, എയർലൈനുകൾ, റേഡിയോ, ടിവി ചാനലുകൾ, മ്യൂസിക് കൺസെർട്ടുകൾ, മറ്റ് പൊതു പരിപാടികൾ എന്നിവക്കെല്ലാം ലൈസൻസ് നിർബന്ധമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ദേശീയ പരിപാടികൾ, വ്യക്തിഗത-വാണിജ്യേതര ആഘോഷങ്ങൾ എന്നിവയെ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്ഥാപനത്തിന്റെ വലുപ്പം, ഉപയോഗിക്കുന്ന സംഗീതത്തിന്റെ സ്വഭാവം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഫീസ് ഘടന നിശ്ചയിക്കുന്നത്.

മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഈ ലൈസൻസുകൾക്ക് ഒരു വർഷത്തെ കാലാവധിയുണ്ടാകും. കാലാവധി കഴിയുമ്പോൾ ഇവ പുതുക്കണം. സംഗീത സംവിധായകർ, ഗാനരചയിതാക്കൾ, ഗായകർ, സംഗീത നിർമാതാക്കൾ എന്നിവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി മന്ത്രാലയം അംഗീകാരം നൽകിയ എമിറേറ്റ്സ് മ്യൂസിക് റൈറ്റ്സ് അസോസിയേഷൻ, മ്യൂസിക് നേഷൻ എന്നീ സംഘടനകളാണ് ലൈസൻസ് ഫീസ് പിരിച്ചെടുക്കുന്നത്. പിരിച്ചെടുക്കുന്ന തുക കുട്ടികൾ, യുവാക്കൾ, എന്നിവരിലെ വളർന്നുവരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനും എമിറാത്തി സംഗീതത്തെ അന്താരാഷ്ട്ര തലത്തിൽ എത്തിക്കാനും ഉപയോഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *