ഹജ്ജ് സർവീസുകൾ പൂർണമായി; അവസാന സർവീസുമായി അഹമ്മദാബാദിലേക്ക് പറന്ന് സൗദിയ

റിയാദ്: ഈ വർഷത്തെ ഹജ്ജ് സീസണിൽ മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള തീർഥാടകരുടെ മടക്കയാത്രാ സർവീസുകൾ പൂർത്തിയാക്കിയതായി സൗദി എയർലൈൻസ് അറിയിച്ചു. 402 തീർഥാടകരുമായി ഇന്ത്യയിലെ അഹമ്മദാബാദിലേക്ക് പുറപ്പെട്ടതോടെയാണ് ഈ വർഷത്തെ സൗദിയയുടെ ഔദ്യോഗിക ഹജ്ജ് സർവീസുകൾക്ക് സമാപനമായത്.

തീർഥാടകരുടെ വരവും പോക്കും ഉൾപ്പെടെ 75 ദിവസം നീണ്ടുനിന്ന വിപുലമായ ഹജ്ജ് ഓപ്പറേഷനാണ് എയർലൈൻ വിജയകരമായി പൂർത്തിയാക്കിയത്. ഈ കാലയളവിൽ 10 ലക്ഷത്തിലധികം സീറ്റുകളാണ് ഇവർക്കായി ഒരുക്കിയത്. 160 വിമാനങ്ങൾ അടങ്ങുന്ന പ്രത്യേക വ്യോമവ്യൂഹം ഇതിനായി ഉപയോഗിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 145 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സൗദി എയർലൈൻസ് സർവീസുകൾ നടത്തി.

മക്ക റൂട്ട് പദ്ധതിക്ക് കീഴിലുള്ള വിപുലമായ സൗകര്യങ്ങൾക്ക് പുറമെ, തീർഥാടകർക്കായി ലഗേജ് രഹിത ഹജ്ജ് സേവനവും സൗദിയ ലഭ്യമാക്കിയിരുന്നു. സൗദി ഗ്രൗണ്ട് സർവീസസ് കമ്പനി, നുസുക്, ഹലാബാഗ് പ്ലാറ്റ്‌ഫോമുകൾ എന്നിവയുമായി സഹകരിച്ച് സംയോജിത ഡിജിറ്റൽ ലഗേജ് മാനേജ്‌മെന്റ് സംവിധാനത്തിലൂടെയാണ് ഇത് നടപ്പിലാക്കിയത്. തീർഥാടകർക്കായുള്ള സംസം വെള്ളം എത്തിക്കുന്നതിനുള്ള പ്രത്യേക ക്രമീകരണങ്ങളും എയർലൈൻ ഒരുക്കിയിരുന്നു.ബുക്കിങ് ഘട്ടം മുതൽ മടക്കയാത്ര വരെ തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനും അവർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനുമായി ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും എയർലൈൻ പ്രയോജനപ്പെടുത്തിയതായി അധികൃതർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *