സിഎസ്‌കെയില്‍ വൻ മാറ്റങ്ങൾ; സഞ്ജു ക്യാപ്റ്റന്‍, ഒയിൻ മോര്‍ഗന്‍ കോച്ച്

ചെന്നൈ സൂപ്പര്‍ കിങസിന്റെ പരിശീലകനായി ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ ഒയിൻ മോര്‍ഗന്‍ എത്തിയേക്കുമെന്ന് രവിചന്ദ്രന്‍ അശ്വിന്‍. സ്റ്റീഫന്‍ ഫ്‌ളെമിങ്ങുമായുള്ള ദീര്‍ഘകാല ബന്ധം അവസാനിപ്പിച്ചതിന് ശേഷം പുതിയ പരിശീലകനെ തേടുകയാണ് നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഇതിനിടെയാണ് മോര്‍ഗന്‍ എത്തുമെന്ന് അശ്വിന്‍ അഭിപ്രായപ്പെട്ടത്. തുടര്‍ച്ചയായ തിരിച്ചടികള്‍ക്ക് ശേഷം അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ സിഎസ്‌കെ അടുത്തിടെയാണ് ഫ്‌ളെമിങ്ങുമായി പിരിഞ്ഞത്. അതേസമയം, പുതിയ തന്ത്രങ്ങളുമായി വിജയവഴിയിലേക്ക് തിരിച്ചെത്താനാണ് ഫ്രാഞ്ചൈസി ലക്ഷ്യമിടുന്നത്.

സ്റ്റീഫൻ ഫ്‌ളെമിങ്ങിന്റെ പകരക്കാരനായി ചര്‍ച്ച ചെയ്യപ്പെടുന്ന പേരുകളില്‍ മോര്‍ഗന്റെ പേര് മുന്നിലുണ്ടെന്നാണ് അശ്വിന്‍ പറയുന്നത്. എന്നാല്‍ മോര്‍ഗന്‍ ഉടനടി ചുമതലയേല്‍ക്കുമോ അതോ പിന്നീട് ടീമിനൊപ്പം ചേരുമോ എന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല.’ഇയോന്‍ മോര്‍ഗന്‍ വന്നേക്കാമെന്ന് എനിക്ക് തോന്നുന്നു. അദ്ദേഹത്തിന്റെ പേര് ചര്‍ച്ചകളില്‍ ഉണ്ട്. പ്രാഥമിക ചര്‍ച്ചകള്‍ നടക്കുന്നുണ്ട് എന്നതില്‍ സംശയമില്ല. ഇതില്‍ രണ്ട് സാധ്യതകളാണുള്ളത്. ഇയോന്‍ മോര്‍ഗന്‍ ഈ വര്‍ഷം തന്നെ ചുമതലയേല്‍ക്കുമോ? അതോ മിനി ലേലത്തില്‍ ടീമിനെ രൂപീകരിച്ച ശേഷം പിന്നീട് അദ്ദേഹം ചുമതലയേല്‍ക്കുമോ എന്നത്’ -അശ്വിന്‍ പറഞ്ഞു. അന്താരാഷ്ട്ര തലത്തിലോ ഫ്രാഞ്ചൈസി തലത്തിലോ മോര്‍ഗന് മുന്‍പ് ഹെഡ് കോച്ചായ പരിചയമില്ല.

2023-ല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം അദ്ദേഹം കൂടുതലായും കമന്റേറ്ററായും ക്രിക്കറ്റ് നിരീക്ഷകനായുമാണ് പ്രവര്‍ത്തിക്കുന്നത്. എങ്കിലും പരിമിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും ബുദ്ധിമാന്മാരായ തന്ത്രജ്ഞരില്‍ ഒരാളായാണ് മോര്‍ഗന്‍ അറിയപ്പെടുന്നത്. 2019-ല്‍ ഇംഗ്ലണ്ടിനെ കന്നി ഏകദിന ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചത് മോര്‍ഗനായിരുന്നു. അതേസമയം, ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തിലും മാറ്റങ്ങളുണ്ടായേക്കുമെന്നാണ് വിവരം. റുതുരാജ് ഗെയ്ക്വാദിന് പകരം സഞ്ജു സാംസണ്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേക്കുറിച്ച് സ്ഥിരീകരണമില്ലെങ്കിലും സഞ്ജുവിനെ ക്യാപ്റ്റനാക്കണമെന്നാണ് കൂടുതല്‍പ്പേരുടെയും അഭിപ്രായമെന്നതും ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *