ഡൽഹി : ഏപ്രിൽ ഒന്നിന് അർജന്റീനയിൽനിന്ന് അന്റാർട്ടിക്കയിലേക്ക് വിനോദയാത്രപുറപ്പെട്ട എം.വി. ഹോൺഡിയസ് എന്ന കപ്പലിൽ ഹാന്റാ വൈറസ് വ്യാപനത്തേത്തുടർന്ന് മൂന്നുപേർ മരിച്ചത് ലോകത്തെ ആശങ്കയിലാഴ്ത്തിയിരുന്നു. ഇതിനുപിന്നാലെ എട്ടുപേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതോടെ മറ്റൊരു കോവിഡ് മഹാമാരിയാകുമോ ഹാന്റാ വൈറസ് എന്ന ആശങ്ക നിരവധിപേർക്കുണ്ട്. എന്നാൽ ഹാന്റാ വൈറസ് കോവിഡിനേപ്പോലെയല്ലെന്ന് പറയുകയാണ് ലോകാരോഗ്യസംഘടനയുടെ പകർച്ചവ്യാധി നിയന്ത്രണ വിഭാഗം ഡയറക്ടർ ഡോ. മരിയ വാൻ കെർക്കോവ്. വ്യത്യസ്തമായാണ് ഹാന്റാ വൈറസ് പടരുന്നത്. അടുത്ത സമ്പർക്കം പുലർത്തിയ സാഹചര്യങ്ങളിൽ മാത്രമാണ് ഹാന്റാ വൈറസിന്റെ വകഭേദമായ ആൻഡീസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടർന്നിട്ടുള്ളതെന്ന് മുൻകാല കേസുകൾ ചൂണ്ടി മരിയ പറഞ്ഞു.
“ഇത് കൊറോണ വൈറസല്ല. വളരെ വ്യത്യസ്തമായ ഒരു വൈറസാണ്, വളരെക്കാലമായി നിലവിലുള്ള ഒന്നുമാണ്. ഒരു മഹാമാരിയുടെ തുടക്കവുമല്ല. ഒരു കപ്പലിൽ പരിമിതമായ പ്രദേശത്താണ് വൈറസ് പടരുന്നതെന്ന് – ഡോ. മരിയ വാൻ കെർക്കോവ് വ്യക്തമാക്കി. ഹാൻ്റാ വൈറസ് പ്രധാനമായും എലികളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു സൂണോട്ടിക് രോഗമാണ്, അതേസമയം കോവിഡ്-19 ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പടരുന്ന വളരെ പകർച്ചവ്യാധിയുള്ള വൈറസാണ് എന്നതാണ് ഈ രണ്ട് വൈറസുകളും തമ്മിലുള്ള പ്രധാന വ്യത്യാസമെന്ന് മരിയ പറയുന്നു.
