ബിജെപിക്ക് എതിരെ വിമർശനവുമായി മമത

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപിക്കെതിരേ കടുത്ത വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താതിരിക്കാനും രാഷ്ട്രപതിഭരണം ഏർപ്പെടുത്താനും ബിജെപി ലക്ഷ്യമിടുന്നുവെന്നും മമത ബാനർജി ആരോപിച്ചു. കൂടാതെ തന്റെ അധികാരം തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയെന്നും , സംസഥാനത്ത് ക്രമസമാധാനം പാലിക്കുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷന് വീഴ്ച സംഭവിച്ചുവെന്നും സാഗർദിഘിയിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകവെ മമത ബാനർജി വിമർശിച്ചു. മാത്രമല്ല തിരഞ്ഞെടുപ്പ് കമ്മീഷൻ ആഭ്യന്തരമന്ത്രി അമിത് ഷാ പറയുന്നതുപോലെയാണ് പ്രവർത്തിക്കുന്നതെന്നും മമത കുറ്റപ്പെടുത്തി.

ബുധനാഴ്ച പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ മൂന്നു വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏഴു ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ഗ്രാമവാസികൾ ബന്ദികളാക്കിയിരുന്നു. സംഭവത്തിൽ വലിയ പ്രതിഷേധങ്ങൾ ആയിരുന്നു മാൾഡയിൽ ഉയർന്നത്. എസ്ഐആറിന്റെ ഭാഗമായി വോട്ടർപട്ടികയിൽനിന്നും പേര് നീക്കം ചെയ്ത വിഷയത്തിലായിരുന്നു ഓഫീസർമാരും ഗ്രാമവാസികളും തമ്മിൽ സംഘർഷമുണ്ടായത്. എന്നാൽ സംഭവത്തെ കുറിച്ച് ഒന്നും അറിഞ്ഞില്ലെന്ന് മമത ബാനർജി മൂർഷിദാബാദിൽ സംസാരിക്കവെ പറഞ്ഞു. ‘എനിക്കറിയില്ല ആരാണ് ഉത്തരവാദികളെന്ന്. ആരും അറിയിച്ചില്ല. ഭരണസംവിധാനം എന്റെ കയ്യിലല്ല. ക്രമസമാധാന പാലനം നിർവഹിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മിഷനാണ്.അവർ ആഭ്യന്തരമന്ത്രി അമിത് ഷാ പറയുന്നതാണ് കേൾക്കുന്നത്. എല്ലാവരെയും മാറ്റി. എന്റെ അധികാരങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. ഇത് സൂപ്പർ പ്രസിഡന്റ് ഭരണമാണ്. ഒരു മാധ്യമ പ്രവർത്തകൻ പറഞ്ഞപ്പോഴാണ് ഓഫീസർമാരെ ബന്ദികളാക്കിയത് അറിഞ്ഞത്’ മമത ബാനർജി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *