ക്വാലാലംപൂർ: മണിക്കൂറുകൾ നീണ്ട പോരാട്ടത്തിലൂടെ പിടികൂടിയ ഭീമൻ മുതലകളെ ഇറച്ചിയാക്കി വിറ്റ് വേട്ടയ്ക്ക് പണം കണ്ടെത്തി.മലേഷ്യയിലെ സരവാക് പ്രവിശ്യയിലാണ് 16 അടിയിലേറെ നീളം വരുന്ന രണ്ട് മുതലകളെ പിടികൂടിയത്. ലൈസൻസുള്ള വേട്ടക്കാരാണ് തിങ്കളാഴ്ച ഇവയെ പിടികൂടിയത്. സമീപ കാലത്ത് സരവാകിലെ കെമേന നദിയിൽ നിന്ന് പിടികൂടുന്നതിൽ വെച്ച് ഏറ്റവും വലിപ്പമേറിയ മുതലകളാണ് ഇവയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് പ്രാദേശികമായി മുതലകളെ പിടികൂടുന്നതിൽ ഒരു പുതിയ റെക്കോർഡാണ് സൃഷ്ടിച്ചിരിക്കുന്നത്. ജൂണി കങ് എന്നയാളുടെ നേതൃത്വത്തിലുള്ള വേട്ടക്കാരുടെ സംഘമാണ് കെമേന നദിയിൽ മുതല വേട്ട നടത്തിയത് . നേരത്തെ ഇതേ നദിയിൽ നിന്ന് ഇവർ രണ്ട് മുതലകളെ പിടികൂടിയിരുന്നു. തുടർന്ന് വീണ്ടും സ്ഥാപിച്ച കെണിയിലാണ് ഈ രണ്ട് ഭീമൻ മുതലകൾ കുടുങ്ങിയത്. ഇവരുടെ 22 അടി നീളമുള്ള ബോട്ട് വലിച്ചുകൊണ്ടുപോകാൻ തക്ക ശേഷി ഈ മുതലകൾക്കുണ്ടായിരുന്നു. പത്തിലധികം പേർ അടങ്ങുന്ന സംഘം ഒരു മണിക്കൂറിലധികം നീണ്ട കഠിനമായ ശ്രമങ്ങൾക്കൊടുവിലാണ് കയറുകൾ മാറിമാറി വലിച്ചും അയച്ചും ഇവയെ പൂർണ്ണമായും നിയന്ത്രണത്തിലാക്കിയത്.
മണിക്കൂറുകൾ നീണ്ട പോരാട്ടം, ഒടുവിൽ വലയിലായത് രണ്ട് ഭീമൻ മുതലകൾ
