കോഴിക്കോട്: കാസർഗോഡ് സ്കൂളുകളിലെ സ്വാതന്ത്ര്യദിന ക്വിസ് മത്സരവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീന് നേരെ കരിങ്കൊടി പ്രതിഷേധം. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് മന്ത്രിക്കെതിരെ പ്രതിഷേധിച്ച 10 ബിജെപി – യുവമോർച്ച പ്രവർത്തകർക്കെതിരെ റെയിൽവേ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മന്ത്രി എൻ ഷംസുദ്ദീന് നേരെ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.
കാസർകോട്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ സ്കൂളുകളിൽ എൽ.പി വിഭാഗത്തിനായി സംഘടിപ്പിച്ച മത്സരത്തിന്റെ ചോദ്യാവലിയിലാണ് വിവാദ ചോദ്യം ഉണ്ടായത്. ഇത് വലിയ രാഷ്ട്രീയ-സാമൂഹിക പ്രതിഷേധങ്ങൾക്ക് വഴിതുറന്നതോടെ ചോദ്യാവലി തയ്യാറാക്കിയ അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. മാത്രമല്ല, വിവാദ ചോദ്യം തയ്യാറാക്കിയ അധ്യാപകനെ സസ്പെൻഡ് ചെയ്തത് അച്ചടക്ക നടപടിയുടെ പ്രാഥമിക ഘട്ടം മാത്രമാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും വിദ്യാഭ്യാസമന്ത്രി പ്രതികരിച്ചു . വിഷയത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്കോ അധ്യാപകർക്കോ പങ്കുണ്ടെന്ന് വ്യക്തമായാൽ അവർക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
