ജി. സുധാകരൻ വെള്ളാപ്പള്ളിയെ സന്ദർശിച്ചതിൽ വിമർശനവുമായി സി. കെ നജാഫ്

ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അമ്പലപ്പുഴ നിയുക്ത എംഎല്‍എ ജി. സുധാകരന്‍ സന്ദര്‍ശിച്ചതില്‍ വിമര്‍ശനവുമായി എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കെ നജാഫ്. വിവാദ നിലപാടുകള്‍ കൊണ്ട് സമൂഹത്തില്‍ വിഷം കലര്‍ത്തുന്ന വെള്ളാപ്പള്ളി നടേശനെ പോലുള്ള വ്യക്തിയെ പൊന്നാട അണിയിക്കുന്നത് തെറ്റാണെന്ന് സി. കെ നജാഫ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു നജാഫിന്റെ വിമര്‍ശനം.

‘എസ്എന്‍ഡിപി എന്ന സാമൂഹിക പ്രസ്ഥാനത്തെ ബഹുമാനിക്കുന്നവരാണ് നാം. അതില്‍ ആര്‍ക്കും അംഗീകാരങ്ങളും അവകാശങ്ങളും നല്‍കാന്‍ മുന്നിലുണ്ടാവുകയും വേണം. എന്നാല്‍ വെള്ളാപ്പള്ളി നടേശനെ പോലുള്ള വിവാദ നിലപാടുകള്‍ കൊണ്ട് സമൂഹത്തില്‍ വിഷം കലര്‍ത്തുന്ന വ്യക്തിയെ പ്രകീര്‍ത്തിച്ച് പൊന്നാട അണിയിക്കുന്നത് അക്ഷന്തവ്യമായ തെറ്റാണ്. ബിഡിജെഎസ് എന്ന പാര്‍ട്ടി ഉണ്ടാക്കി അതിന്റെ പ്രചാരണത്തിന് ‘രക്ഷാധികാരിയുടെ’ പദവി കൗശലമായി വഹിക്കുന്ന ഒരാളെ കൂടിയാണ് നിങ്ങള്‍ മാലയിട്ടത് എന്ന് ഓര്‍ക്കണം’, സി. കെ നജാഫ് പറഞ്ഞു. ഒരു ജനപ്രതിനിധിയായിരിക്കെ നടത്തിയ ഈ നടപടി, കേരളത്തിന്റെ പുരോഗമന രാഷ്ട്രീയബോധത്തിന്റെ അന്തസ്സിന് യോജിച്ചതല്ലെന്ന് സി. കെ നജാഫ് പറഞ്ഞു. യുഡിഎഫിന്റെ നിലപാടും അതല്ലെന്നും അങ്ങനെ ചെയ്യണമെന്നുണ്ടായിരുന്നെങ്കില്‍ ആദ്യം ജനങ്ങള്‍ നല്‍കിയ സ്ഥാനത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് രാജിവെച്ച ശേഷം അത് മതിയായിരുന്നുവെന്നും സി. കെ നജാഫ് പറഞ്ഞു.

ഈ പൊന്നാട നിങ്ങള്‍ അണിയിച്ചത് വെള്ളപ്പള്ളി നടേശനല്ല, പഴയ പിണറായി ഭക്തിയില്‍ പിണറായിക്ക് ഇട്ട പൊന്നാടയാണെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല. പൊതു പദവിയിലിരിക്കെ വ്യക്തിപരമായ രാഷ്ട്രീയ അനുരാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് ജനവിധിയോടുള്ള അവഗണനയാണ്. ജി സുധാകരന്‍ എല്ലാം മറന്ന് വിയര്‍പ്പൊഴുക്കിയ സാധാരണക്കാരായ യുഡിഎഫ് പ്രവര്‍ത്തകരോട് നന്ദികേട് കാണിക്കരുത്. ജനങ്ങളോടും’, സി കെ നജാഫ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് ജി. സുധാകരന്‍ വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ച് പൊന്നാട അണിയിച്ചത്. വെള്ളാപ്പള്ളിയെയും ഭാര്യയെയും സന്ദര്‍ശിച്ച ദൃശ്യങ്ങള്‍ ജി. സുധാകരന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *