തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന അതിശക്തമായ മഴയിലും പ്രകൃതിക്ഷോഭത്തിലും ഇരയായവർക്ക് ആശ്വാസമായി സർക്കാർ പുതിയ ധനസഹായ പാക്കേജുകൾ പ്രഖ്യാപിച്ചു. മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ട് ലക്ഷം രൂപ വീതം ധനസഹായം നൽകും. ഇതിൽ നാലു ലക്ഷം രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും, രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും, ബാക്കി രണ്ടു ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് അനുവദിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവർക്ക് അടിയന്തര ആവശ്യങ്ങൾക്കായി 3,800 രൂപ വീതം നൽകാനും സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്.
മണ്ണിടിച്ചിലും ഉരുൾപൊട്ടലും കാരണം വീടും സ്ഥലവും പൂർണ്ണമായും നഷ്ടപ്പെട്ടവർക്കുള്ള സഹായധനത്തിൽ സർക്കാർ വൻ വർദ്ധനവ് വരുത്തിയിട്ടിണ്ട്. നേരത്തെ ഇത്തരം കുടുംബങ്ങൾക്ക് നൽകിയിരുന്ന 10 ലക്ഷം രൂപ എന്നത് ഇപ്പോൾ 12 ലക്ഷം രൂപയാക്കി ഉയർത്തിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. വീട് പൂർണ്ണമായും തകർന്നവർക്ക് പുനർനിർമ്മാണത്തിനായി നൽകിയിരുന്ന തുക നാല് ലക്ഷത്തിൽ നിന്ന് ആറ് ലക്ഷം രൂപയായും വർദ്ധിപ്പിച്ചു. കാർഷിക മേഖലയിലെ നാശനഷ്ടങ്ങൾക്കും ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്കും പ്രത്യേക സഹായങ്ങൾ നൽകും.
തൊഴിൽ നഷ്ടപ്പെട്ടവർക്ക് ഒരു കാർഡിലെ രണ്ടുപേർ വീതം പ്രതിദിനം 300 രൂപ എന്ന നിലയിൽ ധനസഹായം നൽകാൻ നിർദ്ദേശമുണ്ട്. നിലവിൽ രണ്ടര ഏക്കർ നെൽകൃഷി നശിച്ചാൽ ലഭിക്കുന്ന 13,500 രൂപ എന്ന നഷ്ടപരിഹാര തുക വളരെ കുറവാണെന്ന വിലയിരുത്തലിനെത്തുടർന്ന് ഇത് വർദ്ധിപ്പിക്കാൻ കൃഷി വകുപ്പ് പുതിയ പ്രൊപ്പോസൽ സമർപ്പിക്കും. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
