പിഎസ്സി പരീക്ഷത്തട്ടിപ്പ്; സിപിഎമ്മിൽ നിന്ന് വ്യത്യസ്തമായി സിപിഐയുടെ നിലപാട്

തിരുവനന്തപുരം: പിഎസ്സി പരീക്ഷത്തട്ടിപ്പ് അന്വേഷണത്തിൽ സിപിഎമ്മിൽനിന്ന് വ്യത്യസ്തമായി സിപിഐയുടെ നിലപാട്. പിഎസ്സിയുടെ വിശ്വാസ്യത തകർക്കുന്നതല്ല, മറിച്ച് വിശ്വാസ്യത വീണ്ടെടുക്കാനുള്ള അന്വേഷണമാണ് നടക്കുന്നതെന്നാണ് സിപിഐ വ്യക്തമാക്കുന്നത്. പാർട്ടി മുഖമാസിക നവയുഗത്തിൽ പി.കെ ഗോപിയുടെ ലേഖനത്തിലാണ് സിപിഐയുടെ ഭിന്നസ്വരം. മുതിർന്ന നേതാക്കളോട് കൂടിയാലോചിച്ച്, പാർട്ടിയുടെ നിലപാട് ബോധ്യപ്പെടുത്താനാണ് ലേഖനം നൽകിയതെന്നാണ് വിവരം.

ഭരണസംവിധാനത്തിൽ സത്യസന്ധമായി നടക്കേണ്ട ഉദ്യോഗസ്ഥ നിയമനമാണ് നിർഭാഗ്യവശാൽ സംശയത്തിന്റെ കരിനിഴലിലുള്ളതെന്ന് ലേഖനം പറയുന്നു. തെറ്റുസംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്താനുള്ള നടപടികൾക്ക് രാഷ്ട്രീയപ്രസ്ഥാനങ്ങൾ വിലങ്ങുതടിയാവരുതെന്നും പറയുന്നുണ്ട്. പി.എസ്.സി. ചെയർമാനിലേക്കടക്കം അന്വേഷണം നീളുമെന്ന സൂചന ലഭിച്ചതോടെയാണ് ഇക്കാര്യത്തിൽ നിലപാട് പരസ്യമാക്കാൻ സിപിഐ തീരുമാനിച്ചത്. ചെയർമാനിലേക്ക് അന്വേഷണം പോകുന്നതിന് പിന്നിൽ അജൻഡയുണ്ടെന്നും പി.എസ്.സിയെ ദുർബലപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്നുമാണ് പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറഞ്ഞത്.

ഇടതുസർക്കാർ ഭരിക്കുന്ന ഘട്ടത്തിൽ പലതവണ പി.എസ്.സി. റാങ്ക് പട്ടികയെക്കുറിച്ച് ആക്ഷേപം ഉയർന്നിട്ടുണ്ട്. അപ്പോഴൊക്കെ പി.എസ്.സി.യുടെ വിശ്വാസ്യതയെ തകർക്കാനാണെന്ന വാദമാണ് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനും സി.പി.എമ്മും സ്വീകരിച്ചത്. എസ്.ഐ.ടി. അന്വേഷണത്തിനെതിരേ പരസ്യ എതിർപ്പ് സി.പി.എം. ഉയർത്തിയിട്ടില്ലെങ്കിലും ‘വിശ്വാസ്യത നഷ്ടമാക്കാനുള്ള നീക്കം’ എന്ന വാദവും ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *