തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയുമായി ബന്ധപ്പെട്ട ഏകോപനങ്ങളില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് മുൻ മന്ത്രി പി രാജീവ്. മുഖ്യമന്ത്രി വി. ഡി സതീശന് സ്വീകരിക്കേണ്ട നയം ഇതല്ലെന്നും മുന്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ നോക്കാവുന്നതാണെന്നുമായിരുന്നു പി. രാജീവിൻ്റെ പ്രതികരണം. ജനങ്ങള്‍ ദുരിതമനുഭവിക്കുന്ന സമയത്തല്ല ഉദ്ഘാടനത്തിനും വിരുന്നിനും പോകേണ്ടതെന്നും ഇക്കാര്യങ്ങളെല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘മുഖ്യമന്ത്രി പോകുന്നിടത് എല്ലാം ഉയര്‍ന്ന ഉദ്യോഗസ്ഥരും പോയി നില്‍ക്കണം. അങ്ങനെയെങ്കില്‍ ഏകോപന പ്രവര്‍ത്തനങ്ങള്‍ ആരാണ് ചെയ്യുക. ഗ്യാലറിയില്‍ ഇരുന്ന് കളി കാണുന്ന പോലെയല്ല കളത്തില്‍ ഇറങ്ങി കളിക്കുന്നതെന്നും പി രാജീവ് കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയിലും പി രാജീവ് പ്രതികരിച്ചു. ഇടതുപക്ഷ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചപ്പോള്‍ ധൂര്‍ത്ത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്.
മുന്‍പ് പറഞ്ഞ വാക്ക് എന്താണെന്ന് മുഖ്യമന്ത്രി ഓര്‍ക്കണമെന്നും അദ്ദേഹം പരിഹസിച്ചു. വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കാതെ കേരളം ഒന്നിച്ചുനില്‍ക്കേണ്ട സമയമാണിതെന്നും പി. രാജീവ് കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി വി. ഡി സതീശന്റെ ഹെലികോപ്റ്റര്‍ യാത്രയില്‍ നേരത്തേയും വിമര്‍ശനവുമായി പി രാജീവ് എത്തിയിരുന്നു.
