തിരുവനന്തപുരം: ശസ്ത്രക്രിയ പിഴവുകൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്. രോഗികൾക്ക് ശസ്ത്രക്രിയ വിവരങ്ങൾ അടങ്ങിയ റിസ്റ്റ് ബാൻഡ് ധരിപ്പിക്കണമെന്നും ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുൻകൂട്ടി അടയാളപ്പെടുത്തണമെന്നും മാർഗരേഖയിൽ പറയുന്നു. ഓപ്പറേഷൻ തിയേറ്ററിൽ മൊബൈൽഫോൺ ഉപയോഗിക്കരുത്. ചെറുതും വലുതുമായ എല്ലാ ശസ്ത്രക്രിയകൾക്കും മാർഗ്ഗനിർദേശം ബാധകമാണെന്നും നിർദേശമുണ്ട്.
ശസ്ത്രക്രിയയ്ക്ക് മുമ്പ് ഡോക്ടറും നഴ്സും രോഗിയുടെ ഐപി നമ്പർ, കേസ് റെക്കോർഡ് എന്നിവ പൂർത്തിയാക്കണം. വാർഡ് ഡോക്ടറും നഴ്സ് ഇൻ ചാർജ്ജും പ്രീ ഓപ്പറേറ്റീവ് ചെക്ക് ലിസ്റ്റ് പൂരിപ്പിച്ച് ഒപ്പിടണം, തീയേറ്റർ ചുമതലയുള്ള നഴ്സിംഗ് ഓഫീസർ വായിച്ച് വ്യക്തത വരുത്തി ഒപ്പിടണം, അതിനുശേഷം മാത്രമേ തിയേറ്ററിലേക്ക് രോഗിയെ പ്രവേശിപ്പിക്കാവൂ.
ശസ്ത്രക്രിയ കഴിഞ്ഞ് ഉപകരണങ്ങളുടെ എണ്ണം പരിശോധിച്ചു ചെക്ക് ലിസ്റ്റ് ബന്ധപ്പെട്ട മേധാവിക്ക് കൈമാറണമെന്നും ആരോഗ്യവകുപ്പിന്റെ മാർഗരേഖയിൽ പറയുന്നു. നശിപ്പിക്കുന്ന വസ്തുക്കളുടെയും കണക്ക് കൃത്യമായി സൂക്ഷിക്കണം. വൈറ്റ് ബോർഡിൽ രേഖപ്പെടുത്തിയിരിക്കണം എന്നുള്ളത് കൃത്യമായി തന്നെ മാർഗ്ഗരേഖയിൽ പറയുന്നുണ്ട്. ശസ്ത്രക്രിയ പിഴവുകൾ അടിക്കിടെ ഉണ്ടാകുന്ന സാഹചര്യം സംസ്ഥാനത്തുണ്ട്. നിലവിൽ ഒരു പ്രോട്ടോകോൾ ഉണ്ട്. ഇത് പുതുക്കിയാണ് പുതിയ മാർഗരേഖ പുറത്തിറക്കിയിരിക്കുന്നത്.
