ആലപ്പുഴ: തോട്ടപ്പള്ളി മണല്‍ നീക്കല്‍ പ്രതിസന്ധി വിവാദത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ വിമർശനവുമായി ജില്ലാ കളക്ടര്‍ ഷാജി വി നായര്‍. മീഡിയ പ്രൊപ്പഗാന്‍ഡ നടന്നോ എന്ന് സംശയമുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. പൊഴി നേരത്തെ മുറിച്ചിരുന്നുവെന്നും കൃത്യമായ നിരീക്ഷണവും ഏര്‍പ്പെടുത്തിയെന്നും കളക്ടര്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് കളക്ടറുടെ വിശദീകരണം. ഇല്ലെങ്കില്‍ ഇതിലും വലിയ വെള്ളപ്പൊക്കമുണ്ടായേനെ എന്നും ഷാജി വി നായര്‍ പറഞ്ഞു.
‘2018ന് ശേഷം ആദ്യമായാണ് കുട്ടനാട്ടില്‍ ഇത്രയും വലിയ വെള്ളപ്പൊക്കമുണ്ടാകുന്നത്. എന്‍എച്ച്എഐയുടെ താല്കാലിക പാലം പൊളിച്ചു മാറ്റാന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. എന്നിട്ടും ചെയ്തില്ല. കഴിഞ്ഞ ദിവസം ദുരന്ത നിവാരണ നിയമപ്രകാരം നോട്ടീസ് നല്കി. ഇന്നലെ രാവിലെ 10.30ന് പൊളിച്ചു മാറ്റാമെന്ന് എന്‍എച്ച്എഐ അറിയിച്ചു’, കളക്ടര്‍ പറഞ്ഞു.
തോട്ടപ്പള്ളിയിലെ ജലത്തിന്റെ ഒഴുക്ക് കൃത്യമായി നോക്കുന്നുണ്ട്. ഒരു മീറ്ററാണ് നിലവില്‍ വെള്ളത്തിന്റെ അളവ്. 1.6 മീറ്ററിന് മുകളില്‍ വരുമ്പോഴാണ് ജാഗ്രത നല്‍കുന്നത്. മൂന്നോ നാലോ ദിവസം കൂടുമ്പോള്‍ ഇത് നിരീക്ഷിക്കാറുണ്ട്. പൊഴി മുറിക്കേണ്ട ആവശ്യം വരുമ്പോഴെല്ലാം മുറിക്കാറുണ്ട്. സമീപ ജില്ലകളിലെ വെള്ളം ഒഴുകി വരുന്നത് ഇവിടെയാണെന്നും നിലവില്‍ ആശങ്ക വേണ്ടെന്നും ഷാജി വി നായര്‍ കൂട്ടിച്ചേര്‍ത്തു.
