ജില്ലയിൽ അഞ്ചു വയസ്സിൽ താഴെയുള്ള 3,00,101 കുട്ടികൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് നൽകി

തിരുവനന്തപുരം: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി ജില്ലയിലെ അഞ്ച് വയസിന് താഴെയുള്ള 3,00,101 കുട്ടികൾക്ക് ആദ്യ ദിനം പോളിയോ തുള്ളിമരുന്ന് നൽകി. ജില്ലയില്‍ സജ്ജമാക്കിയ 3925 പോളിയോ തുള്ളിമരുന്ന് വിതരണ ബൂത്തുകള്‍, ബസ് സ്റ്റാൻഡുകൾ, റെയില്‍വേ സ്റ്റേഷനുകൾ, ട്രാൻസിറ്റ് കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള 66 പ്രത്യേക ബൂത്തുകൾ, 34 മൊബൈല്‍ ടീമുകൾ എന്നിവ വഴിയാണ് തുള്ളിമരുന്ന് വിതരണം പൂർത്തിയാക്കിയത്.

ജില്ലയിൽ അഞ്ചു വയസിൽ താഴെയുള്ള ആകെ 3,92,466 കുട്ടികളിൽ 76.47 ശതമാനം പേരാണ് ആദ്യ ദിനം പോളിയോ വാക്‌സിൻ സ്വീകരിച്ചത്. ആദ്യ ദിനം ബൂത്തുകളില്‍ എത്തി തുള്ളിമരുന്ന് സ്വീകരിക്കാൻ സാധിക്കാത്ത കുട്ടികൾക്കായി തുടര്‍ദിനങ്ങളില്‍ (തിങ്കൾ, ചൊവ്വ) ആരോഗ്യപ്രവര്‍ത്തകരും വളണ്ടിയര്‍മാരും വീടുകളിലെത്തി (House to House) പോളിയോ തുള്ളിമരുന്ന് നല്‍കും.

പോളിയോ തുള്ളി മരുന്ന് വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം പൂക്കോട്ടൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി നിർവ്വഹിച്ചു. പൾസ് പോളിയോ വാക്സിനേഷൻ കുട്ടികളുടെ സുരക്ഷിതമായ ജീവിതത്തിനുള്ള നിക്ഷേപമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. ചടങ്ങിൽ പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷാദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.

പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ലുഫ്ത ബീഗം, വാർഡ് മെമ്പർ പനക്കൽ ഗോപാലൻ, ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ (ADHS) ഡോ. കെ. സക്കീന, ജില്ലാ മെഡിക്കൽ ഓഫീസർ (DMO) ഡോ. എ. ഷിബുലാൽ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ.എം. ജാനിഫ്, ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ. എൻ.എൻ. പമീലി, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. വി. ഫിറോസ് ഖാൻ, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ഷമീമ തസ്നി അവുഞ്ഞിപ്പുറം എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *