ഗുജറാത്ത് : ഗുജറാത്തിലെ മോർബി ജില്ലയിലെ വിർപാർദ ഗ്രാമത്തിലെ ഒരു കിണർ വീണ്ടും വാർത്താ പ്രാധാന്യം നേടുകയാണ്. യാതൊരു ബാഹ്യ ഇടപെടലും ഇല്ലാതെ കിണറിലെ വെള്ളം സ്വയം ഇളകി മറിയുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം വീണ്ടും ശ്രദ്ധ നേടിയത്. ദിവസങ്ങൾക്ക് മുമ്പും സമാനമായ പ്രതിഭാസമുണ്ടായിരുന്നെന്നും എന്നാൽ പിന്നീട് കിണർ വെള്ളത്തിന്റെ ചലനം നിന്നിരുന്നെന്നും നാട്ടുകാർ കൂട്ടിച്ചേർക്കുന്നു. കിണർ വെള്ളത്തിന് വീണ്ടും സമാന ചലനമുണ്ടായത് നാട്ടുകാരെ ഒരേ സമയം അമ്പരിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് കിണറിലെ വെള്ളത്തിന് അസാധാരണ ചലനം വീണ്ടും കണ്ടെത്തിയത്. വിശാലമായ പാടത്ത് നിർമ്മിച്ച കിണറിലാണ് ഈ അസാധാരണ പ്രതിഭാസം കണ്ടെത്തിയത്. ഏതാണ്ട് നിറഞ്ഞ് കിടക്കുന്ന കിണറിലെ വെള്ളം ആരോ പിടിച്ച് കുലുക്കിയ ഗ്ലാസിലെ വെള്ളം പോലെ ശക്തമായി തിരയിടിക്കുന്നത് വ്യക്തമായി കാണാം. ചില സമയങ്ങളിൽ ശക്തമായ ചലനമുണ്ടാകുമ്പോൾ കിണറിന്റെ അരമതിൽ കടന്നും കിണർ വെള്ളം പുറത്തേക്ക് തെറിക്കുന്നത് വീഡിയോകളിൽ കാണാം. വിവരം വളരെ പെട്ടെന്ന് തന്നെ ഗ്രാമത്തിൽ പ്രചരിച്ചു. പിന്നാലെ നിരവധി ആളുകൾ ഈ അസാധാരണ കാഴ്ച കാണാനെത്തി. കാറ്റോ മഴയോ മറ്റ് വ്യക്തമായ കാരണങ്ങളോ ഇല്ലാത്ത സാഹചര്യത്തിലും വെള്ളത്തിന്റെ ഉപരിതലത്തിൽ തുടർച്ചയായി തിരമാലകൾ പോലെ രൂപപ്പെടുന്നത് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി. പിന്നാലെ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയും വലിയ തോതിൽ ശ്രദ്ധനേടുകയും ചെയ്തു.
