ഷാർജ : എമിറേറ്റിലെ അൽ ഫലജ് മേഖലയിലുള്ള ഗ്രീൻ ബെൽറ്റ് പാർക്കിലെ നടപ്പാത ഷാർജ സിറ്റി മുൻസിപ്പാലിറ്റി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. നിർമാണം പൂർത്തിയാക്കിയതിനെത്തുടർന്ന് തിങ്കളാഴ്ചയാണ് തുറന്നുകൊടുത്തത്. നടക്കലിനും ജോഗിങ്ങിനുമായി 1.8 കിലോമീറ്റർ ദൈർഘ്യമുള്ള റബർ റണ്ണിങ് ട്രാക്കും പരിസ്ഥിതി സൗഹൃദ ലൈറ്റിങ് സംവിധാനവും മനോഹരമായ ലാൻഡ്സ്കേപ്പിങ്ങും ഉൾക്കൊള്ളുന്നതാണ് ഗ്രീൻ ബെൽറ്റ് പാർക്ക്.
താമസക്കാർക്ക് ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിനായി സുരക്ഷിത സൗകര്യങ്ങളാണ് പാർക്കിൽ ഒരുക്കിയിരിക്കുന്നതെന്ന് മുൻസിപ്പാലിറ്റി അധികൃതർ പറഞ്ഞു. പാർക്കിന്റെ ചുറ്റിലും പ്രത്യേകരീതിയിലും അന്താരാഷ്ട്ര നിലവാരത്തിലും രൂപകല്പനചെയ്ത റബ്ബർ ട്രാക്കാണ് സ്ഥാപിച്ചിരിക്കുന്നത്. അന്താരാഷ്ട്ര മാനദണ്ഡങ്ങളും അംഗീകൃത സാങ്കേതിക നിലവാരങ്ങളും പാലിച്ചാണ് ഗ്രീൻ പാർക്കിനോടനുബന്ധിച്ച നടപ്പാത നിർമിച്ചിരിക്കുന്നതെന്ന് ഷാർജ മുനിസിപ്പാലിറ്റിയിലെ പ്രോജക്ട്സ് ആൻഡ് ഫെസിലിറ്റി മെയിന്റനൻസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ എൻജിനിയർ ഹസൻ അബ്ദുൾ റസാഖ് വ്യക്തമാക്കി.
