ബെയ്ജിങ്: ജനനനിരക്ക് കുത്തനെ കുറഞ്ഞതോടെ, ജനസംഖ്യ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് പുതിയ നയങ്ങള്‍ കര്‍ശനമാക്കി ചൈന. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ ഗര്‍ഭനിരോധന ഉറകളുടെ ബ്രാന്‍ഡായ ഡ്യൂറെക്‌സിന് ചൈനീസ് വിപണിയില്‍ കനത്ത തിരിച്ചടിയാണ് നേരിടുന്നത്. പതിറ്റാണ്ടുകളായി ഈ മേഖലയ്ക്ക് നല്‍കി വന്നിരുന്ന നികുതിയിളവുകള്‍ സര്‍ക്കാര്‍ എടുത്തുകളഞ്ഞതും, ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതുമാണ് ഡ്യൂറെക്‌സിന്റെ വില്‍പ്പന കുത്തനെ ഇടിയാന്‍ കാരണം.
ജനനനിരക്ക് കൂട്ടാനുള്ള ചൈനീസ് സര്‍ക്കാരിന്റെ പുതിയ നയങ്ങളാണ് ഡ്യൂറെക്‌സ് പോലുള്ള ബ്രാന്‍ഡുകളെ നേരിട്ട് ബാധിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായിരുന്നിട്ടും, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ജനനനിരക്കിലെ കുറവും പ്രായമാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതും ചൈനയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ചൈനയില്‍ ജനിച്ചത് 79.2 ലക്ഷം കുട്ടികള്‍ മാത്രമാണ്. 2015-ലെ കണക്കുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇത് പകുതിയിലും താഴെയാണ്.
ഇത് മറികടക്കാന്‍ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. 2016-ല്‍ ഒറ്റക്കുട്ടി നയം അവസാനിപ്പിച്ച ചൈന, 2021-ല്‍ മൂന്ന് കുട്ടികള്‍ വരെ ആകാമെന്ന നിയമം കൊണ്ടുവന്നു. ഇതിനുപുറമെ, മൂന്ന് വയസ്സിന് താഴെയുള്ള ഓരോ കുട്ടിക്കും പ്രതിവര്‍ഷം 3,600 യുവാന്‍ സബ്‌സിഡിയായി നല്‍കുന്ന പുതിയൊരു പദ്ധതിയും കഴിഞ്ഞ വര്‍ഷം മുതല്‍ രാജ്യം ആരംഭിച്ചിട്ടുണ്ട്.
