കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി നേതൃത്വം. പ്രതിപക്ഷ നേതാവായ ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിൻ്റെ വിമത എംഎൽഎമാരെ ബിജെപിയിലേക്ക് ക്ഷണിക്കില്ലെന്നാണ് വിവരം. എംഎൽമാരുമായി ധാരണയിൽ മുന്നോട്ടുപോകാനാണ് ബിജെപിയുടെ തീരുമാനം. അതേസമയം തൃണമൂൽ കോൺഗ്രസ് പാർലമെൻ്ററി പാർട്ടിയിലും വൈകാതെ പിളർപ്പിന് സാധ്യതയുണ്ട്. പാർലമെൻ്റിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ എംപിമാർ കത്ത് നൽകിയേക്കും.
ഇക്കഴിഞ്ഞ ദിവസമാണ് പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ച് തൃണമൂൽ കോൺഗ്രസ് പുറത്താക്കിയ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ രജീന്ദ്ര ബോസ് അംഗീകരിച്ചത്. 60 എംഎൽഎമാരുടെ പിന്തുണയാണ് ഋതബ്രത ബാനർജിക്കുള്ളത്. തങ്ങളാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസ് എന്ന് കാട്ടി വിമതർ സ്പീക്കർക്ക് കത്ത് നൽകിയതോടെയാണ് ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ അംഗീകരിച്ചത്.
സഭയിൽ പ്രതിപക്ഷ നേതാവിനുള്ള മുറിയുടെ താക്കോലും സ്പീക്കർ ഋതബ്രത ബാനർജിക്ക് കൈമാറിയിട്ടുണ്ട്. പാർട്ടിക്കുള്ളിൽ ഉടലെടുത്ത പ്രതിസന്ധി തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിക്ക് തിരിച്ചടിയായിരിക്കുകയാണ്. സഭയിൽ ഏതാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസ് എന്ന തർക്കമാണ് നിലനിൽക്കുന്നത്. അഭിഷേക് ബാനർജിയുടെ നേതൃത്വത്തെ അംഗീകരിക്കാൻ കഴിയില്ലെന്നാണ് വിമതരുടെ പ്രധാന വാദം.
