ഫ്ളോറിഡ: ആർട്ടെമിസ് 2 ദൗത്യസംഘം നാളെ ഭൂമിയിൽ മടങ്ങിയെത്തും. ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.37ന് സാൻഡിയാഗോ തീരത്തിനടുത്ത് പസഫിക് സമുദ്രത്തിൽ ഒറൈൺ പേടകം സ്പാഷ്ഡൗൺ ചെയ്യും. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുള്ള മനുഷ്യന്റെ ഭാവി യാത്രകൾക്കുള്ള ഒരു ചവിട്ടുപടിയായാണ് ആർട്ടെമിസ് 2 പദ്ധതിയെ ശാസ്ത്രലോകം കാണുന്നത്.
അരനൂറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രന്റെ സമീപത്തേക്ക് എത്തിച്ച ആർട്ടെമിസ് 2 ദൗത്യം ബഹിരാകാശചരിത്രത്തിലെ ഒരു സുവർണാധ്യായമാണ്. ഇന്ത്യൻ സമയം ഏപ്രിൽ രണ്ടിന് പുലർച്ചെ 4.05 -ന് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലെ 39 ബി വിക്ഷേപണത്തറയിൽ നിന്നാണ് സ്‌പേസ് ലോഞ്ച് സിസ്റ്റം എന്ന റോക്കറ്റിലുറപ്പിച്ച ഒറൈൺ പേടകത്തിൽ നാല് സഞ്ചാരികളുടെ ചാന്ദ്രദൗത്യത്തിന് തുടക്കമായത്. മിഷൻ കമാൻഡർ റീഡ് വൈസ്മാൻ, മിഷൻ പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്‌പെഷ്യലിസ്റ്റുകളായ ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസൻ എന്നിവരാണ് ദൗത്യസംഘത്തിലുണ്ടായിരുന്നത്.
