തൃശ്ശൂരിൽ ബസിൽ കയറാൻ കണ്ടക്ടറോട് യാചിച്ച് സ്കൂൾ വിദ്യാർ‍ത്ഥികൾ

തൃശ്ശൂര്‍: തൃശൂർ വടക്കാഞ്ചേരിയിൽ സ്വകാര്യബസില്‍ കയറാന്‍ കണ്ടക്ടറോട് യാചിച്ച സ്കൂൾ വിദ്യാര്‍ത്ഥികളുടെ ദൃശ്യങ്ങള്‍ ചര്‍ച്ചയാകുന്നു. വടക്കാഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. നാല് വിദ്യാര്‍ത്ഥികളെ മാത്രം ബസില്‍ കയറ്റി യാത്ര ആരംഭിക്കുകയും മറ്റ് വിദ്യാര്‍ത്ഥികള്‍ എത്ര ആവശ്യപ്പെട്ടിട്ടും കയറ്റാന്‍ വിസമ്മതിക്കുകയുമായിരുന്നു. കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചുള്ള പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയതിലെ പ്രതികാരമാണ് വിദ്യാര്‍ത്ഥികളോട് സ്വകാര്യ ബസ് ജീവനക്കാര്‍ കാണിക്കുന്നതെന്ന ആക്ഷേപം ഉയര്‍ന്നു.

വിദ്യാര്‍ത്ഥികളോടുള്ള സ്വകാര്യ ബസ് ജീവനക്കാരുടെ നടപടിക്കെതിരെ എസ്എഫ്‌ഐ രംഗത്തെത്തി. വടക്കാഞ്ചേരി സംഭവം ഒറ്റപ്പെട്ടതാണെന്ന് കരുതുന്നില്ലെന്നും സൗജന്യം നല്‍കുന്ന സര്‍ക്കാര്‍ അങ്ങനെ നല്‍കുമ്പോഴും വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ നിയമനിര്‍മാണവും, അതിന്റെ പാലനവും ഉറപ്പാക്കണം എന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടഫി പി. എസ് സഞ്ജീവ് പറഞ്ഞു.

‘എസ്എഫ്‌ഐ അധ്യയന വര്‍ഷാരംഭം എപ്പോഴും കേരളത്തില്‍ ഏറ്റുമുട്ടേണ്ടി വരുന്ന ഒരു വ്യവസായമായി സ്വകാര്യ ബസ് ഓപ്പറേറ്റര്‍സ് മാറിയിരിക്കുന്നു. കണ്‍സെഷന്‍ ഔദാര്യമല്ല, അവകാശമാണ് കേരളത്തിലെ ബസ് സ്റ്റാന്റുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി എസ്എഫ്‌ഐ ഉണ്ടാവും. വിദ്യാര്‍ത്ഥികളോടുള്ള ക്രൂരത അവസാനിപ്പിക്കണം. ബസ് മുതലാളികളും, തൊഴിലാളികളും സര്‍ക്കാരിനെയാണ് സമീപിക്കേണ്ടത്. അതില്‍ കുട്ടികള്‍ എന്ത് പിഴച്ചുവെന്നും’, പി. എസ് സഞ്ജീവ് ചോദിച്ചു. വടക്കാഞ്ചേരിയില്‍ വിദ്യാര്‍ത്ഥികളെ കണ്ടക്ടര്‍ തടഞ്ഞുവെച്ചത് പൊതുസമൂഹത്തിന് അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *