റിയാദ്: ശാസ്ത്രീയ അംഗീകാരമില്ലാത്ത ‘എക്സോസോം’ എന്ന സൗന്ദര്യവർധക കുത്തിവെപ്പ് പ്രോത്സാഹിപ്പിച്ച രണ്ട് ഡോക്ടർമാരുടെ ലൈസൻസ് സൗദി ആരോഗ്യ മന്ത്രാലയം താൽക്കാലികമായി റദ്ദാക്കിയാതായി റിപ്പോർട്ട്. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പ്രമോഷണൽ വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് മന്ത്രാലയത്തിന്റെ അടിയന്തര നടപടി. തങ്ങളുടെ ഔദ്യോഗിക പദവിയും കുടുംബബന്ധവും ദുരുപയോഗം ചെയ്ത് ഈ കുത്തിവെപ്പ് തികച്ചും സുരക്ഷിതമാണെന്ന് വരുത്തിത്തീർക്കാനായിരുന്നു ഇവരുടെ ശ്രമം. ഇതിനായി ഡോക്ടർമാരിൽ ഒരാൾ സ്വന്തം സഹോദരനിൽ നിന്ന് കുത്തിവെപ്പ് സ്വീകരിക്കുന്ന ദൃശ്യങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ശാസ്ത്രീയ തെളിവുകൾക്ക് പകരം വ്യക്തിബന്ധങ്ങൾ ഉപയോഗിച്ച് സമൂഹത്തിന്റെ വിശ്വാസ്യതയെ ചൂഷണം ചെയ്യുകയാണ് ഇവർ ചെയ്തതെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
രണ്ട് ഡോക്ടർമാരുടെ ലൈസൻസ് റദ്ദാക്കി സൗദി അധികൃതർ
