നിയമസഭയിൽ വിജയ് സ്റ്റാർ

ചെന്നൈ : തമിഴ്‌നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയ്‌യും പ്രതിപക്ഷമായ ഡിഎംകെയും തമ്മിൽ അത്യന്തം നാടകീയമായ വാക്ക് പോര്. മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയും മകൻ ഉദയനിധി സ്റ്റാലിനെയും കടുത്ത ഭാഷയിൽ വിമർശിച്ച വിജയ്, കൊളത്തൂർ മണ്ഡലത്തിലെ സ്റ്റാലിന്റെ തോൽവി പരാമർശിച്ചാണ് പരിഹാസം ഉന്നയിച്ചത് . മുൻ സർക്കാർ നടത്തിയ അഴിമതികൾ തന്റെ സർക്കാർ ആവർത്തിക്കില്ലെന്നും ജനങ്ങളുടെ പണം കൊള്ളയടിക്കുന്നവരെ വെറുതെ വിടില്ലെന്നും വിജയ് സഭയിൽ പറഞ്ഞു. പ്രസംഗത്തിനിടെ ഡിഎംകെ അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ വിജയ് തന്റെ പ്രശസ്തമായ സിനിമാ സ്റ്റൈലിലേക്ക് മാറി. “ഒരു കുട്ടിക്കഥ സൊല്ലട്ടുമാ” എന്ന് സ്പീക്കറുടെ അനുമതിയോടെ ചോദിച്ച വിജയ്, ഒരു വൃദ്ധനും കുട്ടിയും തമ്മിലുള്ള സംഭാഷണത്തിലൂടെ സ്റ്റാലിനെയും ഉദയനിധിയെയും പേരെടുത്തു പറയാതെ പരിഹസിച്ചു.

സംസ്ഥാനത്തിന്റെ സാമ്പത്തിക മാനേജ്‌മെന്റിനെക്കുറിച്ച് പുറത്തിറക്കിയ ധവളപത്രത്തെ ആധാരമാക്കിയായിരുന്നു വിജയയുടെ അഴിമതി ആരോപണങ്ങൾ. ഡിഎംകെ ഭരണകാലത്ത് പദവികൾ പണത്തിന് വിൽക്കുകയായിരുന്നുവെന്നും എന്നാൽ തന്റെ സർക്കാർ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നും വിജയ് പറഞ്ഞു. ജനങ്ങളുടെ പണം കട്ടുമുടിച്ച മുൻ ഭരണാധികാരികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *