തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതി നിർത്തലാക്കിയാൽ ശക്തമായ ജനകീയ പ്രക്ഷോഭം ഉണ്ടാകുമെന്ന് യുഡിഎഫ് സർക്കാരിന് മുന്നറിയിപ്പ് നൽകി സിപിഎം. ലൈഫ് മിഷൻ നിർത്തി പുതിയ ഭവന പദ്ധതി തുടങ്ങാനാണ് സർക്കാർ നീക്കം എന്നാണ് റിപ്പോർട്ടുകൾ. ലൈഫ് മിഷനൊപ്പം മറ്റ് മിഷനുകളും പിരിച്ചുവിടുമെന്ന പ്രഖ്യാപനവും നാടിനോടുള്ള വെല്ലുവിളിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. ”ലൈഫ് മിഷൻ പിരിച്ചുവിടുമെന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അഞ്ച് ലക്ഷത്തിലേറെ വീടുകൾ യഥാർത്ഥ്യമാക്കിയ മാതൃകാ പദ്ധതിയാണ് ലൈഫ് മിഷൻ. ഒരു ലക്ഷത്തിലേറെ വീടുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടത്തിലാണ്. ഇതോടൊപ്പം മുൻഗണന ക്രമത്തിൽ അടുത്ത ഘട്ടത്തിൽ വീട് ലഭിക്കാനായി കാത്തിരിക്കുന്ന രണ്ട് ലക്ഷത്തിലധികം ഭൂമിയുള്ള കുടുംബങ്ങളുണ്ട്. ഇവർക്ക് പുറമെ ഭൂമിയില്ലാത്ത കുടുംബങ്ങളുമുണ്ട്. ഇവരുടെ പ്രതീക്ഷകളെയാകെ തച്ചുതകർക്കുന്ന നടപടിയാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നത്. രാഷ്‌ട്രീയ പ്രേരിതവും, ജനവിരുദ്ധവുമായ ഈ നടപടിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം കേരളത്തിൽ ഉയർന്നുവരുമെന്ന് സിപിഎം ഓർമ്മപ്പെടുത്തി.
സർക്കാരിന് CPM ന്റെ മുന്നറിയിപ്പ്
