പ്രവാസി മലയാളി ഹൃദയാഘാതം മൂലം സൗദിയിൽ മരിച്ചു

റിയാദ്: ഉച്ചഭക്ഷണത്തിന് ശേഷം താമസസ്ഥലത്ത് ഉറങ്ങുന്നതിനിടയിലുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് കാഞ്ഞിരപ്പള്ളി ചോറ്റി സ്വദേശി സൗദി അറേബ്യയിൽ അന്തരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി ചോറ്റി സ്വദേശിയും നിലവിൽ പാറത്തോട് സ്ഥിരതാമസക്കാരനുമായ പുതുപ്പറമ്പിൽ ഷാഹുൽ ഹമീദ് (ഷാമോൻ – 50) ആണ് റിയാദിന് സമീപമുള്ള അൽഖർജ് മേഖലയിലെ ദിലത്തിൽ നിര്യാതനായത്.

ഉറക്കത്തിനിടയിൽ അസ്വസ്ഥത ശ്രദ്ധയിൽപെട്ട ഉടൻ തന്നെ ഒപ്പമുണ്ടായിരുന്ന ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ 25 വർഷത്തോളമായി സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന ഷാഹുൽ ഹമീദ്, കോവിഡ് കാലത്തായിരുന്നു പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. എന്നാൽ ഒരു വർഷം മുമ്പ് പുതിയ വിസയിൽ വീണ്ടും സൗദിയിൽ തിരിച്ചെത്തുകയും പച്ചക്കറി വിപണന മേഖലയിൽ ജോലി ചെയ്തുവരികയുമായിരുന്നു. മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ റിയാദിലുള്ള ബന്ധുവും സാമൂഹിക പ്രവർത്തകനുമായ ഷാജി മഠത്തിലിന്‍റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *