ആ​ഗോള തലത്തിൽ ഒന്നാം സ്ഥാനവുമായി മദീനയിലെ ഇസ്‍ലാമിക് യൂണിവേഴ്സിറ്റി

റിയാദ്: ക്യു.എസ് ആഗോള സർവകലാശാല റാങ്കിങ്ങിൽ, സ്റ്റുഡന്റ് ഡിവേഴ്സിറ്റി ഇൻഡക്സിൽ മദീനയിലെ ഇസ്‍ലാമിക് യൂണിവേഴ്സിറ്റി ലോകത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള വിദ്യാർഥികളെ ആകർഷിക്കുന്നതിൽ സർവ്വകലാശാലക്കുള്ള ആഗോള നേതൃത്വവും സന്ദേശവും വ്യക്തമാക്കുന്നതാണ് ഈ ചരിത്ര നേട്ടം. വിവിധ സംസ്കാരങ്ങളിലും ഭാഷകളിലുമുള്ള വിദ്യാർഥികളെ സഹവർത്തിത്വം, സംവാദം എന്നീ മൂല്യങ്ങളിൽ ഒന്നിപ്പിക്കുന്നതിലും മികച്ച വിദ്യാഭ്യാസ അന്തരീക്ഷം ഒരുക്കുന്നതിലും യൂണിവേഴ്സിറ്റി മുൻനിരയിലാണ്. യൂണിവേഴ്സിറ്റിയിൽ പുതുതായി പ്രവേശനം നേടിയ വിദ്യാർഥികളിൽ 67 ശതമാനത്തിലധികം പേരും അവരുടെ കുടുംബങ്ങളിൽ നിന്ന് ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവരുന്ന ആദ്യത്തെ തലമുറയാണ്. ആഗോളതലത്തിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ കുറഞ്ഞ പിന്നാക്ക വിഭാഗങ്ങളെ പിന്തുണക്കാൻ സർവ്വകലാശാലക്കുള്ള താൽപര്യമാണ് ഇതിലൂടെ കാണിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. സൗദി ഭരണകൂടം വിദ്യാഭ്യാസ മേഖലയ്ക്ക് നൽകുന്ന വലിയ പിന്തുണയും ഇതിന് പിന്നിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *