തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോട് പതിമൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം. അതിക്രമം കണ്ടുവന്ന പെണ്‍കുട്ടിയുടെ പിതാവ് പ്രതിയായ അയല്‍വാസിയുടെ കാല് അടിച്ചൊടിച്ചു. ചികിത്സയിലുള്ള പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.
പെണ്‍കുട്ടിയുടെ അയല്‍വാസിയായ 40കാരന്‍ കുട്ടിയെ ആരും ഇല്ലാത്ത സമയത്ത് വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അവിടെ വെച്ച് ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ അച്ഛന്‍ എത്തി. മകളെ രക്ഷിക്കാന്‍ തടിക്കഷണം കൊണ്ട് അടിച്ചതോടെ പ്രതിയുടെ കാല്‍ ഒടിയുകയായിരുന്നു.എന്നാല്‍ മുന്‍ വൈരാഗ്യത്താല്‍ തന്നെ മര്‍ദ്ദിച്ചതാണെന്ന് ആരോപിച്ച് ഇയാള്‍ പൊലീസില്‍ പരാതി നല്‍കി.
ഇതോടെ കുട്ടിയുടെ പിതാവിനെ പോത്തന്‍കോട് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. പിന്നീടാണ് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് അച്ഛന്‍ പ്രതിയെ മര്‍ദ്ദിച്ചതെന്ന വിവരം പൊലീസിന് ലഭിച്ചത്. നിലവില്‍ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
