റിയാദ്: ജിദ്ദയിൽ നടന്ന കാബിനറ്റ് യോഗത്തിന് അധ്യക്ഷത വഹിച്ച് സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ്. കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങൾക്ക് നേരെയും, ഹോർമുസ് കടലിടുക്കിലെ സമുദ്ര സുരക്ഷക്കും കപ്പൽ ഗതാഗത സ്വാതന്ത്ര്യത്തിനും എതിരെ ഇറാൻ നടത്തുന്ന ശത്രുതാപരമായ ആക്രമണങ്ങളെ കാബിനറ്റ് ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും ലംഘനമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. സഹോദര രാജ്യങ്ങളായ കുവൈത്തിനോടും ബഹ്റൈനോടും സൗദി അറേബ്യക്കുള്ള ഐക്യദാർഢ്യം കാബിനറ്റ് ആവർത്തിച്ചു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസിന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിൽ നിന്ന് ലഭിച്ച ടെലിഫോൺ സന്ദേശത്തെക്കുറിച്ച് കാബിനറ്റ് വിശദീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം, പ്രാദേശിക-അന്തർദേശീയ സംഭവവികാസങ്ങൾ, മേഖലയിലെ സംഘർഷങ്ങൾ കുറക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾ എന്നിവ ചർച്ചയിൽ വിലയിരുത്തുകയുണ്ടായി.
ജിദ്ദയിൽ കാബിനറ്റ് യോഗം; കുവൈത്ത്, ബഹ്റൈൻ ആക്രമണങ്ങളെ അപലപിച്ചു
