ചെന്നൈ : കെജിഎഫ്, കാന്താര ഫ്രാഞ്ചൈസികള്‍ അടക്കമുള്ള വമ്പന്‍ വിജയങ്ങളിലൂടെ ഇന്ത്യന്‍ സിനിമാലോകത്തിന്റെ തന്നെ ശ്രദ്ധ നേടിയ നിര്‍മ്മാണ കമ്പനിയായ ഹൊംബാലെ ഫിലിംസ് തങ്ങളുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. തമിഴ് താരം സൂര്യയാണ് ഹൊംബാലെയുടെ പുതിയ ചിത്രത്തില്‍ നായകനാവുന്നത്. പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഇന്ന് ഉച്ച തിരിഞ്ഞ് 2.19 ന് ഉണ്ടാവുമെന്ന് ഇന്ന് രാവിലെ അവര്‍ അറിയിച്ചിരുന്നു. ഇത് സൂര്യ ചിത്രം ആയേക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണവും ഉണ്ടായിരുന്നു. അതിന് പിന്നാലെയാണ് പ്രഖ്യാപനം എത്തിയിരിക്കുന്നത്. സൂര്യ തന്നെ നായകനായ ജയ് ഭീം, രജനികാന്ത് നായകനായ വേട്ടൈയന് അടക്കമുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്ത ടി ജെ ജ്ഞാനവേല്‍ ആണ് പുതിയ ചിത്രത്തിന്റെ സംവിധാനം. കയാദു ലോഹര്‍ നായികയാവുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന് സായ് അഭ്യങ്കര്‍ ആണ്. എസ് എ കതിര് ഛായാഗ്രഹണവും ഫിലോമിന്‍ രാജ് എഡിറ്റിംഗും നിര്‍വ്വഹിക്കും. അതേസമയം കരിയറിലെ തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം ട്രാക്കിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് സൂര്യ. ആര് ജെ ബാലാജിയുടെ സംവിധാനത്തില്‍ തിയറ്ററുകളിലെത്തിയ സൂര്യയുടെ കറുപ്പ് എന്ന ചിത്രം വന്‍ വിജയമായിരുന്നു. ചിത്രം 300 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ഹൊംബാലെ ചിത്രത്തിന് മുന്‍പ് മറ്റ് രണ്ട് ശ്രദ്ധേയ ചിത്രങ്ങളും സൂര്യയുടേതായി വരാനുണ്ട്.
കെജിഎഫ് നിര്‍മ്മാതാക്കള്‍ക്കൊപ്പം സൂര്യ; പുതിയ ചിത്രം പ്രഖ്യാപിച്ച് ഹൊംബാലെ ഫിലിംസ്
