നന്ദനം സിനിമയിൽ ബാലമണിയുടെ സ്വന്തം ഗുരുവായൂരപ്പനായെത്തി മലയാളികളുടെ മനസ്സ് കീഴടക്കിയ നടൻ അരവിന്ദ് ആകാശ് വിവാഹിതനായി. സാധ്വി ആർ. എസ് ആണ് വധു. അരവിന്ദിന്റെ സന്തത സഹചാരിയായിരുന്നു സാധ്വി. ആ ബന്ധം പിന്നീട് ദീർഘകാല പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. ഈ വർഷം ആദ്യമായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. ഇന്നലെ മലേഷ്യയിലെ ക്വാലാലംപൂരിൽ വച്ച് വളരെ ലളിതമായ നടത്തിയ ചടങ്ങിൽ വിവാഹവും നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. പ്രിയതാരത്തിന്റെ വിവാഹത്തിന് ആശംസകൾ നേർന്ന് മലയാളികൾ അടക്കമുള്ളവർ രംഗത്ത് എത്തി.
2002ൽ റിലീസ് ചെയ്ത ‘നന്ദനം’ എന്ന ചിത്രത്തിൽ ഗുരുവായൂരപ്പനായെത്തി ജനമനസ് കീഴടക്കിയ അരവിന്ദ് ആകാശ് കൂട്ട്, വജ്രം, വാണ്ടഡ്, പൊന്മുടിപ്പുഴയോരത്ത്, പ്രജാപതി, മമ്മി ആൻഡ് മീ തുടങ്ങിയ നിരവധി മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴിൽ വെങ്കട് പ്രഭുവിന്റെ ‘ചെന്നെെ 28’ ഉൾപ്പടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെയും അദ്ദേഹം തിളങ്ങി. അടുത്തിടെ പൃഥ്വിരാജ് – ബേസിൽ ജോസഫ് ചിത്രം ‘ഗുരുവായൂരമ്പല നടയിൽ’ എന്ന സിനിമയിൽ അതിഥി വേഷം ചെയ്തിരുന്നു. ഡാൻസറും കൊറിയോഗ്രാഫറുമായ അരവിന്ദ് നിരവധി റിയാലിറ്റി ഷോകളിലും ജഡ്ജായി എത്തിയിട്ടുണ്ട്.
.
