കുംഭമേള പെൺകുട്ടിയുടെ വിവാഹം: ഭർത്താവ് മുഹമ്മദ് ഫർമാനെ അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതി

കൊച്ചി: കുംഭമേള പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഭർത്താവ് മുഹമ്മദ് ഫർമാനെ അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതി. അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് നീട്ടിനൽകണമെന്ന ഹർജി ഹൈക്കോടതി തള്ളി.

ഇന്നലെ ഫാർമാന്റെ ജാമ്യ ഹർജി മധ്യപ്രദേശ് കോടതി തള്ളിയിരുന്നു. മഹേശ്വറിലെ പ്രത്യേക പോക്സോ കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. പിന്നാലെയായിരുന്നു കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നത്. അറസ്റ്റ് തടഞ്ഞുള്ള മുൻ ഉത്തരവ് നീട്ടണമെന്നായിരുന്നു ആവശ്യം.നേരത്തെ, ഫർമാന്റെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞുകൊണ്ട് ഉത്തരവിട്ട കേരള ഹൈക്കോടതി, കൃത്യമായ നിയമനടപടികൾക്കായി മധ്യപ്രദേശ് കോടതിയെ സമീപിക്കാൻ ഇയാൾക്ക് ഒരു മാസത്തെ സാവകാശം അനുവദിച്ചിരുന്നു. ഈ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഫർമാൻ മധ്യപ്രദേശിലെ പ്രത്യേക കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. എന്നാൽ കേസിന്റെ ഗൗരവസ്വഭാവം കണക്കിലെടുത്ത് അവിടുത്തെ കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

മാർച്ച് 11നാണ് തിരുവനന്തപുരം പൂവാറിലെ ക്ഷേത്രത്തിൽവച്ച് പെൺകുട്ടിയും ഫർമാൻ ഖാനും വിവാഹിതരായത്. പിതാവ് തന്നെ ബലം പ്രയോഗിച്ച് നാട്ടിലേക്ക് കൊണ്ടുപോയി മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നുവെന്നും തനിക്ക് കാമുകനൊപ്പം പോകണമെന്നുമുള്ള പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് പൊലീസ് കുട്ടിയെ സ്വന്തം താൽപര്യപ്രകാരം വിട്ടയച്ചത്.എന്നാല്‍ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന കാരണത്താൽ ഫർമാന്റെ പേരിൽ മധ്യപ്രദേശിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് പൊലീസ് കേരളത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *