ചരിത്രത്തെ സ്നേഹിക്കാൻ പഠിപ്പിച്ചത് നെഹ്റു; മനസ്സുതുറന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയായതിനുശേഷം വി.ഡി. സതീശൻ നൽകിയ ആദ്യത്തെ ഏറ്റവും ആഴമേറിയ അഭിമുഖഭാഷണമാണിത്. ക്ലിഫ് ഹൗസിലേക്ക്‌ താമസംമാറ്റിയതിന്റെ പിറ്റേന്ന്‌ വൈകുന്നേരം അദ്ദേഹം വാരാന്തപ്പതിപ്പുമായി സംസാരിച്ചതുമുഴുവൻ പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റുവിനെക്കുറിച്ചായിരുന്നു. നെഹ്‌റു എന്ന ബഹുമുഖപ്രതിഭയെ നെഹ്‌റൂവിയൻ സോഷ്യലിസ്റ്റ് എന്ന് സ്വയം അഭിമാനപൂർവം വിശേഷിപ്പിക്കുന്ന മുഖ്യമന്ത്രി വ്യത്യസ്ത വീക്ഷണകോണുകളിലൂടെ ഈ അഭിമുഖത്തിൽ നോക്കിക്കാണുന്നു. ഒരേസമയം നെഹ്‌റു ഇതിൽ പലതാകുന്നു; പലതാകുമ്പോഴും അദ്ദേഹം ഏകാകിയായ സ്വപ്നാടകനുമാവുന്നു. ?താങ്കൾ നെഹ്‌റൂവിയൻ സോഷ്യലിസ്റ്റാണെന്ന് ആവർത്തിച്ചുപറയുന്നു. വിശാലകാഴ്ചപ്പാടും ശാസ്ത്രാവബോധവും സോഷ്യലിസ്റ്റ് സാമ്പത്തികവ്യവസ്ഥയും മുന്നോട്ടുവെച്ച നെഹ്റുവിനെ ഇന്നത്തെക്കാലത്ത് പിന്തുടരുക എത്രത്തോളം പ്രായോഗികമാണ്.

സ്കൂൾപഠനകാലത്ത് നെഹ്റുവിനെ വായിച്ചുതുടങ്ങിയതാണ്. ആഴത്തിൽ വായിക്കുന്നത് കോളേജ് കാലത്താണ്. തമാശയായെങ്കിലും നമ്മൾ പറയാറുണ്ട്, ചരിത്രം ഇഷ്ടമല്ല എന്നൊക്കെ. കാരണം, കാണാതെ പഠിക്കുകയായിരുന്നുവല്ലോ അന്നൊക്കെ. പ്ലാസിയുദ്ധം നടന്ന വർഷമേത്? പാനിപ്പത്ത് യുദ്ധം നടന്ന വർഷമേത്? അങ്ങനെയാണല്ലോ നമ്മൾ പഠിക്കുന്നത്. ചരിത്രം എന്തിനാണ് പഠിക്കുന്നത് എന്ന ചിന്ത മാറ്റിത്തന്നത് പണ്ഡിറ്റ് നെഹ്റുവാണ്. പ്രീഡിഗ്രിക്കാലത്താണ് നെഹ്റുവിന്റെ GLIMPSES OF WORLD HISTORY വായിക്കുന്നത്. വിശ്വചരിത്രാവലോകം എന്ന പേരിൽ ബൃഹത്തായ ആ ഗ്രന്ഥം മലയാളത്തിലേക്ക് മാതൃഭൂമി മൊഴിമാറ്റം ചെയ്തിരുന്നു. ആദ്യം മലയാളം വിവർത്തനവും പിന്നീട് ഇംഗ്ലീഷും വായിച്ചു. ഒരു കവിത വായിക്കുന്നതുപോലെയാണ് തോന്നിയത്. ലോകരാജ്യങ്ങളുടെ ചരിത്രം, പ്രത്യയശാസ്ത്രം, മഹാസംസ്കാരങ്ങൾ ഇതിനെയെല്ലാം കൈവെള്ളയിലെന്നപോലെ അറിയുന്ന പണ്ഡിതനായ ഒരാൾ. അത്തരമൊരു പണ്ഡിതനുമാത്രമേ അത് ചുരുക്കിയെഴുതാൻ കഴിയൂ. എന്നെ ചരിത്രവായനയിലേക്ക് പ്രേരിപ്പിച്ചത് ആ പുസ്തകമാണ്.

Leave a Reply

Your email address will not be published. Required fields are marked *