ബൈക്ക് ടാക്സിയുടെ അശ്രദ്ധ: മരിച്ചുജീവിക്കുകയാണ് സാനി

കോഴിക്കോട്: നിറയെ സ്വപ്നങ്ങളുമായാണ് കുന്ദമംഗലം സ്വദേശിനി സാനി കൃഷ്ണ(32) അഞ്ചുമാസങ്ങൾക്കുമുൻപ്‌ ബെംഗളൂരുവിലെത്തിയത്. പുതിയ സ്ഥലത്തെത്തിയപ്പോഴും തൊഴിലിനൊപ്പം ഇഷ്ടവിനോദങ്ങളായ യാത്രകളെയും നൃത്തത്തെയും ഒപ്പംകൂട്ടിയ പെൺകുട്ടി. എന്നാൽ, ഒാൺലൈൻ ബൈക്ക് ടാക്സി ഡ്രൈവറുടെ ഒരുനിമിഷത്തെ അശ്രദ്ധമൂലം അവളിപ്പോൾ മരിച്ചുജീവിക്കുകയാണ്. 16 ദിവസമായി അതിഗുരുതരാവസ്ഥയിൽ പലപല ആശുപത്രികളിലായി വേദനതിന്നുന്നു. ഭക്ഷണവും പ്രാഥമിക കൃത്യങ്ങളുമെല്ലാം ട്യൂബിലൂടെ. ജൂൺ 17-ന് രാവിലെ 9.15-ന് ബെംഗളൂരുവിലെ സി.വി. രാമൻനഗറിലെ വീട്ടിൽനിന്ന് ഡൊമ്മല്ലൂരിലെ ഓഫീസിലേക്കിറങ്ങിയ സാനി ആദ്യമായാണ് ഓൺലൈൻ ടാക്സി സർവീസായ റാപ്പിഡോയെ ആശ്രയിച്ചത്. ആപ്പിൽ കയറി റാപ്പിഡോ റൈഡറിനെ ബുക്ക് ചെയ്ത സമയത്തുതന്നെ വുമൺ സേഫ്റ്റി ഓപ്ഷനും ഓണാക്കിയിരുന്നു.

അല്പദൂരമായപ്പോൾ തന്നെ റാപ്പിഡോ ബൈക്ക് അതേവശത്തുകൂടി വന്ന ട്രക്കിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ടു. നിയന്ത്രണംവിട്ട ബൈക്ക്് റോഡിലേയ്ക്ക് തെന്നിവീണു. സാനിയുടെ ശരീരത്തിലൂടെ ട്രക്കിന്റെ ടയറുകൾ കയറിയിറങ്ങി. ഗുരുതരമായി പരുക്കേറ്റ അവളെ ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചു, പിന്നീട് നാട്ടിൽ തുടർചികിത്സയ്ക്കായി എത്തിച്ചു. നിലവിൽ സാനി എട്ടുദിവസമായി കോഴിക്കോട് മേയ്ത്ര ആശുപത്രിയിൽ ചികിത്സയിലാണ്. വാരിയെല്ലിനും നട്ടെല്ലിനും ഇടത്തെതോളിനും സാരമായ പരുക്കുണ്ട്. പ്ലാസ്റ്റിക് സർജറിയുൾപ്പടെ മൂന്ന് ശസ്ത്രക്രിയകൾ ഇതിനോടകം കഴിഞ്ഞു. 25 ലക്ഷം രൂപ ഇതിനകം ചികിത്സയ്ക്ക് ചെലവായതായി അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *