ഗുരു​ഗ്രാമിലെ വ്യവസായിയുടെ വീടിന് മുന്നിൽ രാത്രി ഏറ്റുമുട്ടൽ

ഗുരു​ഗ്രാം: ഹരിയാണയിലെ ഗുരു​ഗ്രാമിൽ പൊലീസും ​ഗുണ്ടാസംഘവുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് ​ഗുണ്ടകൾ കൊല്ലപ്പെട്ടു. വെടിവെപ്പിൽ മൂന്ന് പൊലീസുകാർക്കും പരിക്കേറ്റു. വ്യാഴാഴ്ച രാത്രി ഒൻപതരയോടെ ​ഗുരു​ഗ്രാമിലെ സുശാന്ത് ലോക് ഫേസ്-2 മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. വിദേശത്തുള്ള കുപ്രസിദ്ധ ​ഗുണ്ടാത്തലവൻ ദീപക് നന്ദാളിന്റെ സംഘവും പൊലീസും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് റിപ്പോർട്ട്. ഒരു സ്കോർപിയോ കാറിൽ ആയുധങ്ങളുമായി ​ഗുണ്ടാസംഘം ​ഗുരു​ഗ്രാമിലെ വ്യവസായിയുടെ വീട്ടിലേക്ക് വരുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതോടെ രാത്രി തന്നെ പൊലീസും ഇവിടേക്ക് പുറപ്പെട്ടു. ​ഗുരു​ഗ്രാമിലെ സുശാന്ത് ലോകിലെത്തിയപ്പോൾ ​ഗുണ്ടാസംഘം വ്യവസായിയുടെ വീടിന് നേരേ വെടിയുതിർക്കുന്നതാണ് പൊലീസ് കണ്ടത്. ഇതോടെ പൊലീസുകാർ ​ഗുണ്ടകളെ വളഞ്ഞ് കീഴടങ്ങാൻ ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാതിരുന്ന ​ഗുണ്ടാസംഘം പൊലീസിന് നേരേയും വെടിയുതിർക്കുകയായിരുന്നു. ഇതോടെ പൊലീസും തിരിച്ചടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *