ഗുരുഗ്രാം: ഹരിയാണയിലെ ഗുരുഗ്രാമിൽ പൊലീസും ഗുണ്ടാസംഘവുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് ഗുണ്ടകൾ കൊല്ലപ്പെട്ടു. വെടിവെപ്പിൽ മൂന്ന് പൊലീസുകാർക്കും പരിക്കേറ്റു. വ്യാഴാഴ്ച രാത്രി ഒൻപതരയോടെ ഗുരുഗ്രാമിലെ സുശാന്ത് ലോക് ഫേസ്-2 മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. വിദേശത്തുള്ള കുപ്രസിദ്ധ ഗുണ്ടാത്തലവൻ ദീപക് നന്ദാളിന്റെ സംഘവും പൊലീസും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് റിപ്പോർട്ട്. ഒരു സ്കോർപിയോ കാറിൽ ആയുധങ്ങളുമായി ഗുണ്ടാസംഘം ഗുരുഗ്രാമിലെ വ്യവസായിയുടെ വീട്ടിലേക്ക് വരുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതോടെ രാത്രി തന്നെ പൊലീസും ഇവിടേക്ക് പുറപ്പെട്ടു. ഗുരുഗ്രാമിലെ സുശാന്ത് ലോകിലെത്തിയപ്പോൾ ഗുണ്ടാസംഘം വ്യവസായിയുടെ വീടിന് നേരേ വെടിയുതിർക്കുന്നതാണ് പൊലീസ് കണ്ടത്. ഇതോടെ പൊലീസുകാർ ഗുണ്ടകളെ വളഞ്ഞ് കീഴടങ്ങാൻ ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാതിരുന്ന ഗുണ്ടാസംഘം പൊലീസിന് നേരേയും വെടിയുതിർക്കുകയായിരുന്നു. ഇതോടെ പൊലീസും തിരിച്ചടിച്ചു.
ഗുരുഗ്രാമിലെ വ്യവസായിയുടെ വീടിന് മുന്നിൽ രാത്രി ഏറ്റുമുട്ടൽ
