ഡൽഹി : ഇന്ത്യയിലെ ഭൂരിഭാഗം യുവാക്കളും ഏറെ കൊതിക്കുന്ന ഒന്നാണ് സുരക്ഷിതത്വമുള്ള ഒരു സർക്കാർ ജോലി. എന്നാൽ ലക്ഷങ്ങൾ ശമ്പളമുള്ള അത്തരമൊരു ജോലി കേവലം രണ്ടര വർഷത്തെ സേവനത്തിന് ശേഷം ഒരു ഇരുപത്തിയഞ്ചുകാരൻ ഉപേക്ഷിച്ച വാർത്തയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുന്നത്.
പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ പ്രതിവർഷം 20 ലക്ഷം രൂപ ശമ്പളമുണ്ടായിരുന്ന എഞ്ചിനീയറായിരുന്ന സൗരബ് മിത്തൽ എന്ന യുവാവാണ് രാജിവെച്ചത്. ജോലിയിലെ കടുത്ത മാനസിക സമ്മർദ്ദവും മോശം സാഹചര്യങ്ങളുമാണ് കാരണമെന്ന് മിത്തൽ പറയുന്നു. ഇരുപത്തിരണ്ടാമത്തെ വയസ്സിൽ ഈ ജോലിയിൽ പ്രവേശിച്ചപ്പോൾ വലിയൊരു നേട്ടമായാണ് സൗരബ് ഇതിനെ കണ്ടിരുന്നത്. എന്നാൽ ജോലിയിൽ പ്രവേശിച്ച ശേഷമുള്ള അനുഭവങ്ങൾ താൻ വിചാരിച്ചതിലും തികച്ചും വ്യത്യസ്തമായിരുന്നുവെന്ന് സൗരബ് വ്യക്തമാക്കി.
