ജിദ്ദ: ദീർഘദൂര യാത്രക്കാർക്കായി നോർത്ത് വെസ്റ്റ് ബസിന്റെ ഇന്റർസിറ്റി സർവീസുകൾ വിപുലീകരിക്കാൻ സൗദി അറേബ്യ ഒരുങ്ങുന്നു. അസീർ മേഖലയിലെ യാത്രക്കാർക്ക് ഏറെ ഗുണം ചെയ്യുന്ന ഈ പദ്ധതി പ്രകാരം പ്രധാന നഗരമായ ഖമീസ് മുശൈത്തിൽ നിന്നാണ് വിവിധ നഗരങ്ങളിലേക്ക് പുതിയ സർവീസുകൾ ആരംഭിക്കുന്നത്. നിലവിൽ ജിദ്ദ, മക്ക, മദീന, അൽ ബഹ, അൽ ബഷായർ എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ ലഭ്യമാക്കിയിട്ടുള്ളത്. അൽ അബീർ ക്ലിനിക്കിനും സൗദി എയർലൈൻസ് ഓഫീസിനും സമീപത്തുള്ള ബസ് ടെർമിനലിൽ നിന്നാണ് ഈ സർവീസുകൾ പുറപ്പെടുക. ജിദ്ദയിലേക്കുള്ള ബസുകൾ ബിഷ, അൽ ബഷായർ, ഷോഗ്സാൻ, ഖിയ, അൽ ബഹ, ബൽജുറഷി, അൽ ജുമും വഴി കടന്നുപോകുന്നതിനൊപ്പം ജിദ്ദ ട്രെയിൻ സ്റ്റേഷൻ, കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം ടെർമിനൽ-1, കിലോ-10, അൽ ഖുംറ എന്നിവിടങ്ങളിലും എത്തിച്ചേരും. ഇത് വിമാന, ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസമാകും.
സൗദിയിൽ ഇന്റർസിറ്റി ബസ് സർവീസുകൾ വിപുലീകരിക്കുന്നു
