പക്ഷപാതപരമായി പെരുമാറുന്നു; തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി മമത ബാനർജി

കൊൽക്കത്ത: തിരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതപരമായി പെരുമാറുകയാണെന്ന് ആരോപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി. തൃണമൂൽ കോൺഗ്രസുമായി ബന്ധപ്പെട്ട പരാതിയിൽ കമ്മീഷന്റെ നടപടികളാണ് മമത ചോദ്യം ചെയ്തത്.

2026ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ മുൻ തൃണമൂൽ നേതാവ് റിതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമതവിഭാഗം, തങ്ങളാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസെന്ന് അവകാശപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. പാർട്ടിയുടെ സംഘടനാ നിയന്ത്രണത്തിലും അംഗീകാരത്തിലും അവകാശവാദം ഉന്നയിച്ചാണ് പരാതി നൽകിയത്.

ഇതിനെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇരു വിഭാഗങ്ങളോടും വിശദീകരണം തേടിയിരുന്നു. തങ്ങളുടെ വിഭാഗം നിശ്ചിത സമയപരിധിക്കുള്ളിൽ മറുപടി നൽകിയിട്ടും വിമതവിഭാഗത്തിന് വീണ്ടും സമയം അനുവദിക്കുന്നത് നീതിയുക്തമല്ലെന്നാണ് മമതയുടെ ആരോപണം.

വിമതവിഭാഗത്തിന് ആവർത്തിച്ച് സമയം നൽകുന്നത് നടപടികളുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതാണെന്നും, കമ്മീഷന്റെ കാലതാമസം പക്ഷപാതപരമാണെന്ന ആശങ്ക ഉയർത്തുന്നതായും മമത കത്തിൽ ചൂണ്ടിക്കാട്ടി. ജനാധിപത്യ സ്ഥാപനങ്ങളിലുള്ള വിശ്വാസം നിലനിർത്താൻ എല്ലാ രാഷ്ട്രീയ കക്ഷികളോടും ഒരേ മാനദണ്ഡം പാലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.അതേസമയം, മമത ബാനർജി ഉന്നയിച്ച ആരോപണങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *