ക്വലാലംപുർ: മലേഷ്യയിലെ സബായിൽ ഞായറാഴ്ച്ച ഉണ്ടായ തീപിടുത്തത്തിൽ ആയിരകണക്കിന് വീടുകൾ കത്തിനശിച്ചു. ഒരു തീരദേശ ഗ്രാമത്തിലെ താൽക്കാലിക വീടുകൾക്കാണ് നാശം സംഭവിച്ചത്. ഈ വീടുകളിൽ പലതും വെള്ളത്തിന് മുകളിലായി തൂണുകളിൽ ആണ് നിർമ്മിച്ചിരുന്നത്. സംഭവത്തിൽ ആയിരക്കണക്കിന് ആളുകൾക്ക് വീട് നഷ്ടപ്പെട്ടുവെന്ന് അധികൃതർ അറിയിച്ചു. സബായിലെ വടക്കുകിഴക്കൻ പ്രദേശത്തുള്ള സന്ദക്കാൻ ജില്ലയിലെ വാട്ടർ വില്ലേജിൽ ഞായറാഴ്ച പുലർച്ചെയാണ് തീപിടുത്തം ഉണ്ടായത്. 9007 താമസക്കാരെ ഈ തീപിടുത്തം ബാധിച്ചതായി സന്ദക്കാൻ പോലീസ് മേധാവി ജോർജ് അബ്ദുൾ റഹ്മാൻ അറിയിച്ചു.
സബാ ഫയർ ആൻഡ് സേഫ്റ്റി ഡിപ്പാർട്മെന്റ് സംഭവം അറിഞ്ഞതിനെത്തുടർന്ന് സംഭവസ്ഥലത്തെത്തി. 10 ഏക്കറിൽ സ്ഥിതി ചെയ്യുന്ന 1000 താൽക്കാലിക ഫ്ളോട്ടിങ് ഹോമുകൾ 100 ശതമാനവും കത്തി നശിച്ചതായി അധികൃതർ വ്യക്തമാക്കി. മാത്രമല്ല ഇടുങ്ങിയ പ്രവേശന പാതകൾ ആയതുകൊണ്ട് തന്നെ അഗ്നിശമനസേന വാഹനങ്ങൾക്ക് സമയത്തിന് സ്ഥലത്തു എത്താൻ കഴിഞ്ഞില്ലെന്നും അധികൃതർ പറഞ്ഞു. ആർക്കും പരിക്കേൽക്കുകയോ മരണം സംഭവിക്കുകയോ ചെയ്തിട്ടില്ലെന്നും തീ നിയന്ത്രണവിധേയമാണുമെന്നുമാണ് വിവരം.
സംഭവത്തിൽ ഇപ്പോൾ ഇരകളുടെ സുരക്ഷയ്ക്കും അടിയന്തര സഹായങ്ങൾക്കുമാണ് മുൻഗണനയെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഫേസ്ബുക്കിൽ കുറിച്ചു.
