ബംഗളൂരു:ശ്രീ ശ്രീ രവിശങ്കറിന്റെ ആർട്ട് ഓഫ് ലിവിംഗ് സ്ഥാപനത്തിനെതിരായ ഭൂമി കൈയേറ്റ ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ച് കർണാടക സർക്കാർ. ബംഗളുരു റീജിയണൽ കമ്മീഷണറുടെ നേതൃത്വത്തിലുളള 11 അംഗ എസ്ഐടിയാണ് രൂപീകരിച്ചത്. കർണാടക ലാൻഡ് റവന്യൂ ആക്ട്- 1964, കർണാടക ലാൻഡ് ഗ്രാബ്ബിംഗ് പ്രൊഹിബിഷൻ ആക്ട്- 2011 എന്നിവ പ്രകാരമാണ് ജൂലൈ 17-ന് കർണാടക റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. ബെംഗളൂരു സൗത്ത് താലൂക്കിലെ ഉത്തരഹള്ളി ഹോബ്ലിയിലെ കഗ്ഗലിപുര, ബിഎം കാവൽ, അഗര വില്ലേജുകളിലെ സർക്കാർ ഭൂമി ആർട്ട് ഓഫി ലിവിംഗ കയ്യേറിയെന്നാണ് പരാതി. എസ് സി എസ് ടി വിഭാഗക്കാരുടെ 150 ഏക്കർ ഭൂമി ആർട്ട് ഓഫി ലിവിംഗ് കയ്യേറിയെന്നും ആരോപണമുണ്ട്.
സർക്കാർ രേഖകളും സ്ഥാപനങ്ങളുടെ രേഖകളും പരിശോധിക്കുക, ഭൂമി അനുവദിച്ച രേഖകളുടെ ആധികാരികത ഉറപ്പാക്കുക, യഥാർത്ഥ ഭൂമിയുടമകളെയും നിയമപരമായ അവകാശികളെയും കണ്ടെത്തുക, വ്യാജരേഖകളോ കൃത്രിമ ഇടപാടുകളോ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുക, കോടതികളിലുള്ള കേസുകൾ വിലയിരുത്തുക, ഉപഗ്രഹ ദൃശ്യങ്ങളുടെ സഹായത്തോടെ പരിസ്ഥിതി നാശം പരിശോധിക്കുക, പൊതുഭൂമികളും ജലാശയങ്ങളും സർവേ ചെയ്യുക, ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകുക, കൈയേറ്റ ആരോപണങ്ങളുടെ സത്യാവസ്ഥ കണ്ടെത്തുക, സർക്കാർ-പൊതുഭൂമികൾ സംരക്ഷിക്കുന്നതിനുള്ള നിയമ-ഭരണ നടപടികൾ ശുപാർശ ചെയ്യുക എന്നിവയാണ് പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
ആർട്ട് ഓഫ് ലിവിംഗിൻറെ കൈവശമുളള 290 ഏക്കർ ഭൂമി എസ്ഐടി പരിശോധിക്കും. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാരിന്റെ നിർദേശം.ഹൈക്കോടതിയിൽ നിലവിലുള്ള പൊതുതാൽപര്യ ഹർജിയും മുൻപ് രജിസ്റ്റർ ചെയ്ത പരാതികളും പരിഗണിച്ചാണ് സമഗ്ര അന്വേഷണം നടത്താനുളള സർക്കാർ തീരുമാനം. സർക്കാർ ഭൂമിയിൽ അനധികൃത നിർമ്മാണം നടന്നിട്ടുണ്ടോ, നിയമലംഘനമുണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷണത്തിന്റെ പരിധിയിലുണ്ടാകും.കഗ്ഗളിപുരയിലെ സർവേ നമ്പർ 46 ഉൾപ്പെടെയുള്ള പ്രദേശങ്ങളുമായി ബന്ധപ്പെട്ട പരാതികളും എസ്ഐടി അന്വേഷിക്കും. വേദ വിജ്ഞാന മഹാവിദ്യാപീഠം, സുമേരു ഗ്ലോബൽ സപ്പോർട്ട് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, സുമേരു റിയൽറ്റി പ്രൈവറ്റ് ലിമിറ്റഡ്, ഹൈക്കോടതിയിലെ റിട്ട് ഹർജിയിലെ മറ്റ് പ്രതികൾ, സർക്കാർ ഭൂമി കൈവശം വച്ചിട്ടുണ്ടെന്ന് കണ്ടെത്തുന്ന മറ്റ് വ്യക്തികളും സ്ഥാപനങ്ങളും അന്വേഷണ പരിധിയിൽ വരും.
2025 ഒക്ടോബറിൽ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് ലാൻഡ് റെക്കോർഡ്സ് നടത്തിയ സർവേയിൽ, ആർട്ട് ഓഫ് ലിവിങ്ങിന്റെ ട്രസ്റ്റിമാരും മറ്റു ചിലരും സർക്കാരിൻ്റെ 290 ഏക്കറിലധികം ഭൂമിയിൽ നേരിട്ടും പരോക്ഷമായും കൈയേറ്റം നടത്തിയതായി പ്രാഥമികമായി കണ്ടെത്തിയതായി ഉത്തരവിൽ പറയുന്നു. സർക്കാർ ലീസ് കരാറുകളും ഭൂമി അനുവദിച്ചവരുമായി നടത്തിയ ക്രമീകരണങ്ങളും സംശയാസ്പദമായ ഭൂമിയനുവദിക്കൽ രേഖകളും ഇതിനായി ഉപയോഗിച്ചെന്നായിരുന്നു കണ്ടെത്തൽ. കർണാടക ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് സർവേ നടത്തിയത്. കൈവശം വച്ചിരിക്കുന്ന ഭൂമി, ആദ്യം അനുവദിച്ച ലക്ഷ്യത്തിനല്ല ഉപയോഗിക്കുന്നതെന്നും സർവേയിൽ കണ്ടെത്തിയതായി സർക്കാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്വകാര്യ ഭൂമിയുടമകളെ ലീസ് കരാറുകളിൽ ഒപ്പിടാൻ പ്രേരിപ്പിക്കുകയും, ഭൂമി അനുവദിക്കപ്പെട്ടവരിൽ നിന്നോ അവകാശവാദം ഉന്നയിക്കുന്നവരിൽ നിന്നോ ഗിഫ്റ്റ് ഡീഡുകളിലൂടെയോ കരാറുകളിലൂടെയോ ഭൂമി സ്വന്തമാക്കിയെന്ന പരാതികളും ഉത്തരവിൽ പരാമർശിക്കുന്നുണ്ട്.
